ഡിസ്നി + ഹോട്ട്സ്റ്റാർ ഏപ്രിൽ 3 ന് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിക്കും

ഡിസ്നി + ഹോട്ട്സ്റ്റാർ ഏപ്രിൽ 3 ന് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിക്കും

ഇന്ത്യയിലെ വീഡിയോ കണ്ടന്റ് സ്ട്രീമിങ് ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ ഡിസ്നി + ഏപ്രിൽ 3 ന് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ഏഴ് യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സേവനം ആരംഭിച്ചതിന് തൊട്ട് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഡിസ്നി ഇന്ത്യയിൽ സ്ട്രീമിങ് സേവനം ആരംഭിക്കുന്ന തിയ്യതി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. മിക്ക രാജ്യങ്ങളും ഇപ്പോൾ ലോക്ക്ഡൌണിലാണെങ്കിലും സ്ട്രീമിങ് സേവനം ആരംഭിക്കാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു.

നിലവിൽ പ്രീമിയം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് ഒരു വർഷത്തേക്ക് 999 രൂപയാണ് വില വരുന്നത്. പുതുതായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതോടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന് 1,400 രൂപ നിരക്ക് നൽകേണ്ടി വരും. ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം വരിക്കാർക്ക് ഡിസ്നി + ഒറിജിനലുകളും എച്ച്ബി‌ഒ, ഫോക്സ്, ഷോടൈം എന്നിവയിൽ നിന്നുള്ള ഷോകളും ഉൾപ്പെടെ നൂറിലധികം സീരീസുകളിലേക്കും 250 സൂപ്പർഹീറോ, ആനിമേറ്റഡ് ടൈറ്റിലുകളിലേക്ക് ആക്സസ് ലഭിക്കും.

ഹോട്ട്സ്റ്റാറിന് നിലവിൽ ഇന്ത്യയിൽ പ്രതിമാസം 300 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ നിലയിൽ മാർച്ച് മുതൽ മെയ് വരെ ഐ‌പി‌എൽ സീസൺ നടക്കാറുള്ളതിനാൽ ഈ കാലയളവിൽ ഉപയോക്താക്കലുടെ എണ്ണത്തിൽ വൻ വദ്ധനവാണ് ഉണ്ടാവാറുള്ളത്. ഈ വർഷം കൊറോണ വൈറസ് ഐ‌പി‌എൽ സീസൺ റദ്ദാക്കി. ഇത് കമ്പനിയെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഈ നഷ്ടം നികത്താൻ ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ലോഞ്ചോട് കൂടി സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.