ദുബായ്: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി ‘വർക്കേഴ്‌സ് റേസ്’ എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിച്ചു.തൊഴിലാളികൾക്കിടയിൽ ആരോഗ്യവും കൂട്ടായ്മയും വളർത്താനും, അവരുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമായി ദുബായ് മൈതാൻ ട്രാക്കിലാണ് മാരത്തൺ സംഘടിപ്പിച്ചത്.


യു.എ.ഇ.യുടെ നിർമ്മാണ-സേവന മേഖലകളിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം തൊഴിലാളികളാണ് തങ്ങളുടെ ദൈനംദിന തിരക്കുകളിൽ നിന്ന് മാറി ഈ സ്നേഹയോട്ടത്തിൽ പങ്കാളികളായത്. മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE), ജിഡിആർഎഫ്എ-ദുബായ്, പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് (PCLA), ദുബായ് സ്പോർട്സ് കൗൺസിൽ എന്നീ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.യു.എ.ഇ. മാനവ വിഭവശേഷി മന്ത്രാലയം അണ്ടർസെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂറി, ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ജിഡിആർഎഫ്എ ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ഉമർ മതർ അൽ മുസൈന എന്നിവർക്കൊപ്പം ദുബായ് സ്പോർട്സ് കൗൺസിലിലെ ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികൾക്ക് പ്രോത്സാഹനവുമായി നേരിട്ടെത്തിയിരുന്നു.

മാരത്തണിൽ വിജയികളായവരെ വേദിയിൽ വെച്ച് ആദരിച്ചു. അവർക്ക് കാഷ് അവാർഡുകളും മറ്റ് സമ്മാനങ്ങളും സമ്മാനിച്ചു. ഓട്ടത്തിൽ പങ്കെടുത്ത മുഴുവൻ തൊഴിലാളികളെയും അധികൃതർ അഭിനന്ദിച്ചു.യു.എ.ഇ.യുടെ വികസനക്കുതിപ്പിൽ തൊഴിലാളികൾ വഹിക്കുന്ന നിർണായക പങ്കിനുള്ള ആദരവ് കൂടിയായിരുന്നു ഈ പരിപാടി. അവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യം വിളിച്ചോതാനും ലക്ഷ്യമിട്ടുള്ള ഇത്തരം ജനകീയ പരിപാടികൾ ഇനിയും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.








































