ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി, കൈന്ഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെ സഹകരണത്തോടെ ജൂൺ 12 വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദെയ്‌റ ന്യൂ ഗോൾഡ് സൂഖ് സിറ്റി ഗോൾഡ് പരിസരത്ത് വൈകുന്നേരമാണ് ക്യാമ്പ് നടക്കുക.
രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ മനുഷ്യസേവനമാണെന്നും ആരോഗ്യവാന്മാരായ എല്ലാവരും ക്യാമ്പിൽ പങ്കെടുത്ത് ഈ സേവന പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഒരാളുടെ ചെറിയ സമയം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്ന സന്ദേശമാണ് ലോക രക്തദാന ദിനം മുന്നോട്ടുവയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
രക്തദാന രംഗത്ത് വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനമാണ് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി നടത്തിവരുന്നത്. കമ്മിറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും സ്ഥിരമായി രക്തദാനം ചെയ്യുന്നവരാണ്. പലരും മൂന്ന് മാസത്തിലൊരിക്കൽ രക്തദാനം നടത്തി സമൂഹത്തിന് മാതൃക സൃഷ്ടിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.

അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമായ രോഗികൾക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കുന്നതിലും രക്തദാന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിലും കമ്മിറ്റി ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ സേവന പ്രവർത്തനങ്ങളെ മാനിച്ച് ദുബൈ ഹെൽത്ത് അതോറിറ്റിയിൽ നിന്ന് നിരവധി തവണ പ്രശംസാപത്രങ്ങളും അംഗീകാരങ്ങളും കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
ലോക രക്തദാന ദിനത്തിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിപ്പിക്കുന്നതിനും ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ ഏവരും പങ്കാളികളാകണമെന്നും രക്തദാനം ചെയ്യാൻ എത്തുന്നവർ എമിറേറ്റ്സ് ഐഡി കൈവശം കരുതണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.














































