അബുദാബി : ദേശീയ ഐക്യവും സഹവർത്തിത്വവും ഉയർത്തികാട്ടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രൗഡ് ഓഫ് ദി യുഎഇ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സഹിഷ്ണുതയും പരസ്പര ബഹുമാനവും ദേശീയ ഐക്യബോധവും ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശൈഖ് നഹ്യാൻ പറഞ്ഞു. ആഗോളതലത്തിൽ വിവിധ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിലും യുഎഇയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ഐക്യത്തിനും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഫാമിലി’ പദ്ധതിയുടെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും കുടുംബമൂല്യങ്ങളും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിലും ‘പ്രൗഡ് ഓഫ് ദി യുഎഇ’ പോലുള്ള പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ശൈഖ് നഹ്യാൻ ചൂണ്ടിക്കാട്ടി.


ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഡോ. ജമാൽ സനദ് അൽ സുവൈദി, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ശാമിസ് അലി ഖൽഫാൻ അൽ ദാഹിരി, പ്രസിഡൻഷ്യൽ കോടതിയിലെ മതനീതിന്യായ ഉപദേഷ്ടാവ് അലി അൽ ഹാശിമി, അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ഖുബൈസി എന്നിവർ പങ്കെടുത്തു.
‘പ്രൗഡ് ഓഫ് ദി യുഎഇ’ പോലുള്ള പരിപാടികൾ ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഇന്ത്യൻ പ്രവാസി സമൂഹത്തിന് യുഎഇ ഭരണനേതൃത്വം നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ചടങ്ങിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഭരണനേട്ടങ്ങളെ ആസ്പദമാക്കി ഡോ. ജമാൽ സനദ് അൽ സുവൈദി രചിച്ച പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇന്ത്യ-യുഎഇ സൗഹൃദ ബന്ധം പ്രതിഫലിപ്പിക്കുന്ന കലാപരിപാടികൾ, കുട്ടികളുടെ അവതരണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. വിവിധ മേഖലകളിലെ സാംസ്കാരിക നേതാക്കളും സാമൂഹിക പ്രവർത്തകരും പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.













































