ദുബായ്: 2026-ലെ ആദ്യ ആറുമാസത്തിനിടെ എൻട്രി പെർമിറ്റുകളിലും റെസിഡൻസ് സേവനങ്ങളിലുമായി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു ദുബായ്. സേവനങ്ങളുടെ അളവിലും കാര്യക്ഷമതയിലും വലിയ വളർച്ച കൈവരിച്ച ഈ കാലയളവിൽ 10,51,978 പുതിയ റെസിഡൻസ് പെർമിറ്റുകളും, 9,10,552 റെസിഡൻസ് പെർമിറ്റുകളുടെ പുതുക്കലുകളും, 50,78,078 എൻട്രി പെർമിറ്റുകളും അനുവദിച്ചു. കൂടാതെ, 66,000 ഗോൾഡൻ വിസകളും വിതരണം ചെയ്തുവെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു. ഇതോടെ ആദ്യ പകുതിയിൽ മാത്രം 70 ലക്ഷത്തിലധികം എൻട്രി പെർമിറ്റുകളും റെസിഡൻസ് പെർമിറ്റുകളും, കൂടാതെ പതിനായിരക്കണക്കിന് ഗോൾഡൻ വിസകളും പ്രോസസ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഈ കാലയളവിൽ 100 ശതമാനം ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും, 100 ശതമാനം സേവന പൂർത്തീകരണ നിരക്കും കൈവരിച്ച ജിഡിആർഎഫ്എ ദുബായ്, ശരാശരി നാല് മിനിറ്റിൽ താഴെ അപേക്ഷകൾ പൂർത്തിയാക്കുന്ന സംവിധാനവും ഉറപ്പാക്കി. ഉപഭോക്തൃ സംതൃപ്തി 95 ശതമാനത്തിലെത്തിയതും, സർക്കാർ സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബായുടെ ആഗോള നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന നേട്ടമാണെന്ന് ദുബായ് ജി ഡി ആർ എഫ് എ മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.
വിസ, എൻട്രി പെർമിറ്റ് സംവിധാനങ്ങളിലും സ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ തുടർന്നും ലഭ്യമാക്കിയതോടൊപ്പം, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നതിനായി 29,456 വിസകളും അനുവദിച്ചു. 30, 60, 90 ദിവസത്തെ താമസ സൗകര്യങ്ങളോടൊപ്പം സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളും ഈ വിസയിൽ ലഭ്യമാണ്. പരമാവധി 120 ദിവസം വരെ വിസ ദീർഘിപ്പിക്കാനും സൗകര്യമുണ്ട്.സ്വന്തം രാജ്യത്തിന് പുറത്തു താമസിക്കുന്ന ചില രാജ്യങ്ങളിലെ പൗരന്മാർക്കായി 73,551 എൻട്രി വിസകളും അനുവദിച്ചു. ദുബായിലേക്കുള്ള യാത്രകളുടെയും സന്ദർശകരുടെയും വർധനവിനനുസരിച്ച് കൂടുതൽ സൗകര്യപ്രദമായ സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇവർക്ക് 14 ദിവസത്തെ താമസാനുമതിയും, അതേ കാലയളവിലേക്ക് വീണ്ടും ദീർഘിപ്പിക്കാനുള്ള അവസരവും, അല്ലെങ്കിൽ 60 ദിവസത്തെ വിസയും ലളിതമായ ഡിജിറ്റൽ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സാധിച്ചു.
രാജ്യത്ത് നടക്കുന്ന സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, അന്താരാഷ്ട്ര പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഇവന്റ്സ് വിസ സംവിധാനവും ജിഡിആർഎഫ്എ ദുബായ് തുടർന്നും ലഭ്യമാക്കി. 30, 60 ദിവസത്തെ താമസ സൗകര്യങ്ങളോടൊപ്പം സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളും ലഭ്യമാണ്. ഈ വിസയും പരമാവധി 120 ദിവസം വരെ ദീർഘിപ്പിക്കാനാകുന്നതാണ്. യുഎഇയെ ആഗോള ഇവന്റ് കേന്ദ്രമാക്കി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഗോൾഡൻ റെസിഡൻസി പദ്ധതിയും സംയോജിത സംവിധാനത്തിലൂടെ ജിഡിആർഎഫ്എ ദുബായ് തുടർന്നും നടപ്പാക്കുന്നു. 2026-ലെ ആദ്യ ആറുമാസത്തിനിടെ 66,000 ഗോൾഡൻ വിസകൾ അനുവദിച്ചതും ഈ പദ്ധതിയുടെ വർധിച്ചുവരുന്ന സ്വീകാര്യതയും ദുബായ് ആഗോള പ്രതിഭകളെ ആകർഷിക്കുന്ന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതും വ്യക്തമാക്കുന്നതാണ്. നിക്ഷേപകർ, കലാ-കായിക പ്രതിഭകൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ, മികവുറ്റ വിദ്യാർത്ഥികളും ബിരുദധാരികളും, സംരംഭകർ, മാനവിക പ്രവർത്തന രംഗത്തെ മുൻനിര വ്യക്തികൾ തുടങ്ങിയവർക്കാണ് ഈ പദ്ധതി ലഭ്യമാകുന്നത്. ദീർഘകാലം പുതുക്കാവുന്ന റെസിഡൻസി, സ്വയം സ്പോൺസർഷിപ്പ്, ജീവിതപങ്കാളിയെയും മക്കളെയും സ്പോൺസർ ചെയ്യാനുള്ള സൗകര്യം, സ്പോൺസർ മരണപ്പെട്ടാലും കുടുംബാംഗങ്ങൾക്ക് റെസിഡൻസി തുടരാനുള്ള അവസരം എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ഗോൾഡൻ റെസിഡൻസി പദ്ധതിയിലൂടെ ലഭിക്കുന്നത്.
ദീർഘകാല റെസിഡൻസി ഓപ്ഷനുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന വിരമിച്ചവർക്കായുള്ള റിട്ടയർമെന്റ് റെസിഡൻസി പദ്ധതിയും ഡയറക്ടറേറ്റ് തുടരുകയാണ്. ദീർഘകാല താമസത്തിന് ഏറ്റവും അനുയോജ്യമായ ആഗോള നഗരമെന്ന നിലയിൽ ദുബായുടെ ആകർഷണം വർധിപ്പിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി വർക്ക് ബണ്ടിൽ, ഡൊമസ്റ്റിക് വർക്കേഴ്സ് വർക്ക് ബണ്ടിൽ എന്നീ സംയോജിത സേവന പാക്കേജുകളും ജിഡിആർഎഫ്എ ദുബായ് ശക്തിപ്പെടുത്തി. ഒൻപത് പരസ്പരം ബന്ധിപ്പിച്ച സേവനങ്ങൾ ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ വർക്ക് ബണ്ടിലിലൂടെ 5,21,216 ഇടപാടുകളും, ഡൊമസ്റ്റിക് വർക്കേഴ്സ് വർക്ക് ബണ്ടിലിലൂടെ 11,323 ഇടപാടുകളും പൂർത്തിയാക്കി.
തൊഴിൽ കരാർ, ആരോഗ്യ ഇൻഷുറൻസ്, വർക്ക് പെർമിറ്റ്, സേവന റദ്ദാക്കൽ, വിസ അനുവദിക്കൽ, സ്റ്റാറ്റസ് മാറ്റം, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, റെസിഡൻസ് പെർമിറ്റ് അനുവദിക്കൽ, എമിറേറ്റ്സ് ഐഡി വിതരണം എന്നിവയെല്ലാം ഒരൊറ്റ സേവനയാത്രയിലൂടെയും ഒരൊറ്റ അപേക്ഷയിലൂടെയും പൂർത്തിയാക്കാൻ ഈ ബണ്ടിൽ സേവനങ്ങൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഡൊമസ്റ്റിക് വർക്കർ ബണ്ടിൽ DubaiNow ആപ്പിലൂടെയും, എംപ്ലോയ്മെന്റ് ബണ്ടിൽ Invest in Dubai പ്ലാറ്റ്ഫോമിലൂടെയും ലഭ്യമാണ്.
ഡിജിറ്റൽ സേവന മേഖലയിൽ, വീഡിയോ കോൾ സർവീസിലൂടെ 19,507 ഇടപാടുകൾ ആദ്യ ആറുമാസത്തിനിടെ പൂർത്തിയാക്കി. 97.93 ശതമാനം കാര്യക്ഷമതയും, വെറും 5.38 മിനിറ്റ് ശരാശരി കാത്തിരിപ്പ് സമയവും ഈ സേവനം കൈവരിച്ചു. സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം കുറച്ച്, വിദൂരമായി സേവനങ്ങൾ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിലൂടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും സ്മാർട്ട് ഗവൺമെന്റ് സേവനങ്ങളും ശക്തിപ്പെടുത്താൻ ഈ സംവിധാനം സഹായിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു.
“2026-ലെ ആദ്യ പകുതിയിൽ കൈവരിച്ച നേട്ടങ്ങൾ എൻട്രി പെർമിറ്റുകളുടെയും റെസിഡൻസി സംവിധാനത്തിന്റെയും തുടർച്ചയായ വികസനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്
ലഫ് : ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.കാര്യക്ഷമവും സൗകര്യപ്രദവുമായ ഡിജിറ്റൽ സേവനങ്ങളിലൂടെ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായുടെ മത്സരശേഷി കൂടുതൽ ശക്തിപ്പെടുത്താൻ ജിഡിആർഎഫ്എയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആദ്യ പകുതിയിലെ ഫലങ്ങൾ പ്രവർത്തന കാര്യക്ഷമതയിലെ തുടർച്ചയായ പുരോഗതിയെയും വർധിച്ചുവരുന്ന അപേക്ഷകളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സെക്ടറിന്റെ ശേഷിയെയും വ്യക്തമാക്കുന്നതാണെന്ന് എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത് പറഞ്ഞു.വിസ, റെസിഡൻസി സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും നൂതനവും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായ സേവനങ്ങൾ നടപ്പാക്കി ജിഡിആർഎഫ്എ ദുബായുടെ ആഗോള നേതൃത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്ന് വ്യക്തമാക്കി
എൻട്രി പെർമിറ്റുകളുടെയും റെസിഡൻസി സംവിധാനത്തിന്റെയും വികസനത്തിനൊപ്പം സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് കൂടുതൽ പിന്തുണ നൽകുകയും, വിവിധ വിഭാഗങ്ങളിലുള്ള താമസക്കാരെയും സന്ദർശകരെയും പ്രതിഭകളെയും ആകർഷിക്കുന്നതിൽ ജിഡിആർഎഫ്എ ദുബായ് തുടർച്ചയായി മുന്നേറുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അതിവേഗം മാറുന്ന ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് വ്യക്തികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന നൂതന പരിഹാരങ്ങൾ നൽകാനുള്ള സ്ഥാപനത്തിന്റെ ശേഷിയെയും ഈ നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതായും അവർ കൂട്ടിച്ചേർത്തു.
—
ഫോട്ടോ : ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി സംസാരിക്കുന്നു















