ആരോഗ്യ, ജീവശാസ്ത്ര മേഖലകളിൽ ശതകോടി ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട് ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്പോ സിറ്റിയിലുമായി ജനുവരിയിൽ എക്സ്പോ നടക്കും.
ദുബായ്, യു.എ.ഇ — ഓഗസ്റ്റ് 24, 2026:ആഗോള ഹെൽത്ത് കെയർ രംഗത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് ഹെൽത്ത് എക്സ്പോ (WHX) 2027 പതിപ്പിൽ ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി, ലോഞ്ചെവിറ്റി, വെൽനസ് മേഖലകൾക്കായി പ്രത്യേക വിഭാഗങ്ങൾ ആരംഭിക്കുന്നു.
2027 ജനുവരി 25 മുതൽ 28 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിലുമായാണ് മേള സംഘടിപ്പിക്കുന്നത്. 195-ലധികം രാജ്യങ്ങളിൽ നിന്നായി 2,35,000 പ്രൊഫഷണലുകളും 4,200-ലധികം പ്രദർശകരും എക്സ്പോയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു.

ഗൾഫ് മേഖലയിൽ ആരോഗ്യ സംരക്ഷണ രംഗത്തുണ്ടാകുന്ന വൻ നിക്ഷേപ വർധനവ് മുൻനിർത്തിയാണ് എക്സ്പോയുടെ വിപുലീകരണം. 2029 ഓടെ ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ ചെലവഴിക്കൽ 15,900 കോടി ഡോളറിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. നിലവിൽ 5,320 കോടി ഡോളർ മൂല്യം വരുന്ന 160-ലധികം ഹെൽത്ത് കെയർ പദ്ധതികൾ മേഖലയിൽ പുരോഗമിക്കുന്നുണ്ട്.
മനുഷ്യന്റെ ആരോഗ്യകരമായ ആയുസ്സ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ‘ലോഞ്ചെവിറ്റി’ വിപണി ലോകമെമ്പാടും വേഗത്തിൽ വളരുകയാണ്. 2034-ഓടെ ആഗോള ലോഞ്ചെവിറ്റി സാമ്പത്തിക മേഖല 5.4 ട്രില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ. യു.എ.ഇയിലെ മാത്രം ലോഞ്ചെവിറ്റി വിപണി ഈ വർഷം 3,200 കോടി ഡോളറിലെത്തുമെന്നാണ് അബുദാബി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് 2026 ജൂണിൽ ദുബായ് ലോഞ്ചെവിറ്റി അതോറിറ്റി രൂപീകരിച്ചിരുന്നു. വേൾഡ് ഹെൽത്ത് എക്സ്പോയിൽ നാല് ദിവസങ്ങളിലായി നടക്കുന്ന ‘ഹെൽത്ത്സ്പാൻ സ്റ്റേജ്’ പ്രോഗ്രാമിൽ വാർദ്ധക്യസഹജമായ രോഗപ്രതിരോധം, പ്രെസിഷൻ മെഡിസിൻ, വെയറബിൾ ഡാറ്റ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് പ്രമുഖ ഗവേഷകരും ഉദ്യോഗസ്ഥരും ചർച്ച നടത്തും.

മധ്യപൂർവേഷ്യയിലും ആഫ്രിക്കയിലും ഔഷധ നിർമ്മാണ മേഖല വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2025-ൽ ഈ മേഖലയിലെ ഔഷധ വിൽപനയിൽ 18 ശതമാനം വർധന രേഖപ്പെടുത്തി. ജീവശാസ്ത്ര മേഖലയിലെ വിദേശ നേരിട്ടുള്ള നിക്ഷേപത്തിൽ (FDI) 2025-ൽ ലോകതലത്തിൽ ഒന്നാം സ്ഥാനം ദുബായ് നേടിയിരുന്നു. 90-ലധികം ലബോറട്ടറികളും 6,500 പ്രൊഫഷണലുകളുമുള്ള ദുബായ് സയൻസ് പാർക്ക് ഈ വളർച്ചയ്ക്ക് അടിത്തറയേകുന്നു.
സൗദി അറേബ്യയും അവരുടെ നാഷണൽ ബയോടെക്നോളജി സ്ട്രാറ്റജിയിലൂടെ 2030-ഓടെ മേഖലയിലെ പ്രധാന ബയോടെക് ഹബ്ബായി മാറാനുള്ള തയ്യാറെടുപ്പിലാണ്.
വേൾഡ് ഹെൽത്ത് വീക്കിന്റെ ഭാഗമായി ഡബ്ല്യു.എച്ച്.എക്സ് ടെക്, ഡബ്ല്യു.എച്ച്.എക്സ് ലീഡേഴ്സ് എന്നീ പരിപാടികളും എക്സ്പോയ്ക്കൊപ്പം ദുബായിൽ അരങ്ങേറും.










