പാരിസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ‘അൽതെയർ-നെക്സ്റ്റ് ജെൻ’ പദ്ധതിയിൽ 50 അത്യാധുനിക ഉപഗ്രഹങ്ങൾ; നിർമാണം അബുദാബിയിലെ ഓർബിറ്റ്‌വർക്‌സിൽ.
പാരിസ് — സെപ്റ്റംബർ 10, 2026 : ബഹിരാകാശ നിരീക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട്, 100 കോടി ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) സംയുക്ത നിർമ്മിത ബുദ്ധി (എഐ) ഉപഗ്രഹ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ മർലാൻ സ്പേസും രാജ്യാന്തര സാറ്റലൈറ്റ് കമ്പനിയായ ലോഫ്റ്റ് ഓർബിറ്റലും. ‘അൽതെയർ-നെക്സ്റ്റ് ജെൻ’ (Altair-Next Gen) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 50 അത്യാധുനിക ഉപഗ്രഹങ്ങളാണ് ആദ്യഘട്ടത്തിൽ ബഹിരാകാശത്ത് വിന്യസിക്കുക.
പാരിസിൽ നടന്ന രാജ്യാന്തര ബഹിരാകാശ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള കരാർ ഒപ്പുവെച്ചത്. ബഹിരാകാശ സാങ്കേതികവിദ്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഫ്രാൻസിന്റെയും യുഎഇയുടെയും സംയുക്ത മുന്നേറ്റത്തിനാണ് ഈ പദ്ധതി വഴിതുറക്കുന്നത്.
നിലവിലുള്ള പരമ്പരാഗത ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് അയക്കുന്ന വിവരങ്ങളും ചിത്രങ്ങളും കൺട്രോൾ റൂമുകളിൽ എത്തി പരിശോധിക്കാൻ മണിക്കൂറുകൾ എടുക്കാറുണ്ട്. എന്നാൽ, അൽതെയർ-നെക്സ്റ്റ് ജെൻ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വെച്ചുതന്നെ വിവരങ്ങൾ വിശകലനം ചെയ്യും. അത്യാഹിതങ്ങളോ പ്രത്യേക സംഭവങ്ങളോ തിരിച്ചറിഞ്ഞാൽ നിമിഷങ്ങൾക്കകം മുന്നറിയിപ്പ് സന്ദേശം താഴേക്ക് കൈമാറാൻ ഇവയ്ക്ക് സാധിക്കും. പ്രകൃതിദുരന്തങ്ങൾ, കാട്ടുതീ, സമുദ്ര നിരീക്ഷണം, തുറമുഖങ്ങളുടെയും സുപ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ എന്നിവയ്ക്കാണ് ഈ ശൃംഖല പ്രാഥമികമായി ഉപയോഗിക്കുക.
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺസിൽ (KEZAD) പ്രവർത്തിക്കുന്ന ‘ഓർബിറ്റ്‌വർക്‌സ്’ ഹൈടെക് ഫാക്ടറിയിലാണ് ഈ ഉപഗ്രഹങ്ങൾ നിർമിക്കുന്നത്. മർലാൻ സ്പേസും ലോഫ്റ്റ് ഓർബിറ്റലും ചേർന്നുള്ള ഈ സംയുക്ത സംരംഭത്തിലൂടെ ഉപഗ്രഹ നിർമാണ രംഗത്തെ പ്രധാന കേന്ദ്രമായി അബുദാബി മാറും. യുഎഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (IHC), മർലാൻ സ്പേസിന്റെ 80 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വൻ നിക്ഷേപ വിവരവും പുറത്തുവന്നത്.
ഉപഗ്രഹ സേവനങ്ങൾ വാങ്ങുന്ന രാജ്യം എന്നതിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ആഗോള കേന്ദ്രമായി യുഎഇ വളരുകയാണെന്ന് മർലാൻ സ്പേസ് സിഇഒ ഡോ. ഹംദുള്ള മൊഹിബ് പറഞ്ഞു. ഉപഗ്രഹങ്ങളിലെ സെൻസറുകൾക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഫ്രഞ്ച് എഐ കമ്പനിയായ മിസ്ട്രലിന്റെ (Mistral) അത്യാധുനിക മോഡലുകളാണ് ഉപയോഗിക്കുന്നത്. ഉയർന്ന റെസല്യൂഷൻ ക്യാമറകൾ യുഎസ് കമ്പനിയായ ബ്ലാക്ക്സ്കൈയും (BlackSky), വിക്ഷേപണ സേവനങ്ങൾ യൂറോപ്യൻ റോക്കറ്റ് നിർമാതാക്കളായ മായാസ്പേസും (MaiaSpace) നൽകും. അബുദാബിയിൽ നിർമിച്ച ആദ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപണം വരും ആഴ്ചകളിൽ നടക്കുമെന്ന് ലോഫ്റ്റ് ഓർബിറ്റൽ സിഇഒ പിയറി-ഡാമിയൻ വോജൂർ അറിയിച്ചു.










