യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയും ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാറും ഉൾപ്പെടെ എൺപതിലധികം അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കും.
ഷാർജ, ഒക്ടോബർ 8, 2026 : ആഗോള വിപണിയിലെ മാറ്റങ്ങളെ ഉൾക്കൊണ്ട് സമ്പദ്‌വ്യവസ്ഥകളെ സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള നയങ്ങളും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യാൻ ഒമ്പതാമത് ഷാർജ നിക്ഷേപ സംഗമത്തിന് (എസ്ഐഎഫ് 2026) അടുത്തയാഴ്ച തുടക്കമാകും.
ഒക്ടോബർ 14, 15 തീയതികളിൽ ഷാർജ അൽ ജവാഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. യുഎഇ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മർറി ഉദ്ഘാടന പ്രസംഗം നടത്തും. വ്യവസായ പ്രമുഖൻ മുഹമ്മദ് അലബ്ബാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൺപതിലധികം നയരൂപീകരണ വിദഗ്ധരും നിക്ഷേപകരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും.
‘അഡാപ്റ്റീവ് എക്കണോമികൾ കെട്ടിപ്പടുക്കൽ’ (Building Adaptive Economies) എന്ന പ്രമേയത്തിൽ ഷാർജ എഫ്ഡിഐ ഓഫീസും (ഇൻവെസ്റ്റ് ഇൻ ഷാർജ) യുഎഇ നിക്ഷേപ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറുപതിലധികം രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു.
ആഗോളതലത്തിൽ ബിസിനസ് വിപുലീകരണത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്താൻ നിക്ഷേപകർ ശ്രമിക്കുന്ന കാലഘട്ടമാണിതെന്ന് ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ മുഹമ്മദ് ജുമ അൽ മുഷറഖ് പറഞ്ഞു. രാജ്യാന്തര തലത്തിലെ അനുഭവസമ്പത്തും ഷാർജയുടെ വ്യവസായ സാധ്യതകളും സമ്മേളനത്തിലൂടെ ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് അലബ്ബാർ പങ്കെടുക്കുന്ന പ്രത്യേക നേതൃത്വ സെഷനിൽ സാമ്പത്തിക മാറ്റങ്ങൾക്കിടയിലും ബിസിനസുകൾ മികച്ച രീതിയിൽ വളർത്തിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾ പങ്കുവെക്കും. യുഎഇ നിക്ഷേപ മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അബ്ദുൽറഹ്മാൻ അൽഹവി, വിദേശ വ്യാപാര മന്ത്രാലയ അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവി എന്നിവർ സാമ്പത്തിക-വ്യാവസായിക നയങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കും.
രാജ്യാന്തര വ്യാപാര ശൃംഖലകളും ചരക്കുനീക്കവും ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് ഷാർജ ഗവൺമെന്റ് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ശൈഖ് ഫാഹിം അൽ ഖാസിമി നേതൃത്വം നൽകും. കോസ്റ്റാറിക്കൻ അംബാസഡർ ഫ്രാൻസിസ്കോ ജോസ് ചാക്കോൺ ഹെർണാണ്ടസ് അടക്കമുള്ള നയതന്ത്ര പ്രതിനിധികൾ സെപ (CEPA) കരാറുകൾ സൃഷ്ടിക്കുന്ന വിപണി സാധ്യതകൾ വിശദീകരിക്കും. ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് സിഇഒ ഒമർ അൽസെബെയ്, ട്രാൻസ്‌വേൾഡ് മാനേജിംഗ് ഡയറക്ടർ റിതേഷ് രാമകൃഷ്ണൻ, ഗുൾഫ്ടെയ്‌നർ സിഇഒ ഫരീദ് ബെൽബൗബ് എന്നിവർ ഖോർഫക്കാൻ തുറമുഖത്തിന്റെ പ്രാധാന്യവും ഗതാഗത സംവിധാനങ്ങളും വിലയിരുത്തും.
നിർമ്മിത ബുദ്ധിയും (AI) അത് വരുത്തുന്ന മാറ്റങ്ങളും സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമാണ്. മൈക്രോസോഫ്റ്റ് യുഎഇ ചീഫ് സൊല്യൂഷൻസ് ഓഫീസർ റിമ സെമാൻ, ദമാക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അലി സജ്‌വാനി, മാജിദ് അൽ ഫുത്തൈം സിഇഒ അഹമ്മദ് ജലാൽ ഇസ്മായിൽ എന്നിവർ ബിസിനസ് മേഖലയിലെ എഐ ആപ്ലിക്കേഷനുകളെക്കുറിച്ച് സംസാരിക്കും.
സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, വ്യവസായ ഓട്ടോമേഷൻ, റിയൽ എസ്റ്റേറ്റ് വികസനം തുടങ്ങിയ വിഷയങ്ങളിലും വിദഗ്ധ പാനലുകൾ നടക്കും. ആഗോളതലത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക ബിസിനസ് കൂടിക്കാഴ്ചകളും ഫോറത്തിൽ ഒരുക്കിയിട്ടുണ്ട്.










