പ്രത്യേക പാതയിലൂടെ മണിക്കൂറിൽ 20,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഓൺ-ഡിമാൻഡ് സ്വയംനിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ ട്രയൽ റൺ ആരംഭിച്ചു
ദുബായ്, ഒക്ടോബർ 11, 2026 : ദുബായിലെ പൊതുഗതാഗത ശൃംഖലയെ കൂടുതൽ സ്മാർട്ടും സുസ്ഥിരവുമാക്കുന്നതിന്റെ ഭാഗമായി ‘ഗ്ലൈഡ്‌വേയ്സ്’ (Glydways) സ്വയംനിയന്ത്രിത ട്രാൻസിറ്റ് സംവിധാനത്തിന്റെ പരീക്ഷണ ഓട്ടത്തിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബ്ലൂവാട്ടേഴ്‌സിൽ തുടക്കം കുറിച്ചു.
നഗര ഗതാഗതക്കുരുക്കിൽപ്പെടാതെ പ്രത്യേക ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ചെറുകിട ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ, ഗ്ലൈഡ്‌വേയ്സ് സഹസ്ഥാപകനും കോ-സിഇഒയുമായ മാർക്ക് സീഗർ, ചീഫ് ടെക്നോളജി ഓഫീസർ ബ്ലേക്ക് ബാർബർ എന്നിവർക്കൊപ്പം അഞ്ചുമിനിറ്റ് നീണ്ട പ്രഥമ യാത്രയിൽ പങ്കാളിയായി. നാലാഴ്ച നീളുന്ന ഫീൽഡ് ട്രയലാണ് ഇപ്പോൾ നടക്കുന്നത്.
ആർടിഎ, ദുബായ് ഹോൾഡിങ്, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബിലിറ്റി കമ്പനിയായ ഗ്ലൈഡ്‌വേയ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാക്ലേശം പരിഹരിക്കാനും അവസാന കേന്ദ്രങ്ങളിലേക്കുള്ള (ഫസ്റ്റ്-ആൻഡ്-ലാസ്റ്റ് മൈൽ) യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാല് മുതൽ ആറ് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഓരോ വാഹനവും ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കും. പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള 20 ഹൈ-റെസല്യൂഷൻ ലിഡാർ (LiDAR) സെൻസറുകൾ, റഡാർ, ഹൈ-ഡെഫനിഷൻ ക്യാമറകൾ എന്നിവ കൃത്രിമ ബുദ്ധിയുമായി (AI) സംയോജിപ്പിച്ചാണ് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നത്. ഒരു സെക്കൻഡിൽ താഴെ മാത്രം ഇടവേളയിൽ പത്തോളം പോഡുകളെ വെർച്വലായി പരസ്പരം ബന്ധിപ്പിച്ചു ഒരേ ട്രാക്കിൽ ഓടിക്കാൻ ഈ സംവിധാനത്തിന് കഴിയും.

പരമ്പരാഗത ലൈറ്റ് മെട്രോ, ട്രാം തുടങ്ങിയ സംവിധാനങ്ങളെ അപേക്ഷിച്ച് നിർമ്മാണച്ചെലവിൽ 90 ശതമാനവും പ്രവർത്തനച്ചെലവിൽ 70 ശതമാനവും കുറവുണ്ടാക്കാൻ ഈ മോഡലിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇരുവശങ്ങളിലേക്കുമായി മണിക്കൂറിൽ ഇരുപതിനായിരത്തിലേറെ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ഇതിന്റെ ഉയർന്ന ശേഷിയുള്ള പാതകൾക്ക് കഴിയും. യാത്രക്കാർക്ക് വ്യക്തിഗതമായി താപനിലയും ഇൻ-വെഹിക്കിൾ മീഡിയയും ക്രമീകരിക്കാനുള്ള സൗകര്യവും പോഡുകളിൽ ഒരുക്കിയിട്ടുണ്ട്.
ദുബായുടെ സമഗ്ര നഗര വികസനത്തിന് ഉതകുന്ന നൂതന സാങ്കേതികവിദ്യകൾ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് മത്താർ അൽ തായർ പറഞ്ഞു. പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമതയും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്താൻ ഇത്തരം സ്മാർട്ട് പരീക്ഷണങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാഴ്ചത്തെ വിജയകരമായ പരീക്ഷണത്തിന് ശേഷം ദുബായ് മെട്രോയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സ്ഥിരം റൂട്ടുകൾ അതോറിറ്റി പരിഗണിക്കും. നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് ബ്ലൂവാട്ടേഴ്‌സിലേക്കുള്ള 2.8 കിലോമീറ്റർ പാതയ്ക്ക് പുറമെ ജുമൈറ വില്ലേജ് സർക്കിൾ (ജെവിസി), ദുബായ് ഫെസ്റ്റിവൽ സിറ്റി, ബിസിനസ് ബേ, മുഹമ്മദ് ബിൻ റാഷിദ് സിറ്റി എന്നീ പ്രധാന കേന്ദ്രങ്ങളിലും ഗ്ലൈഡ്‌വേയ്സ് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.










