ടിക്കറ്റ് കാലാവധി തീരുന്നത് മുതൽ അനുമതിയില്ലാത്ത കൈയേറ്റങ്ങൾ വരെ; നിരത്തുകളിലും പാർക്കിങ് കെട്ടിടങ്ങളിലും 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ.
ദുബായ് : ദുബായിലെ പൊതു പാർക്കിങ് സംവിധാനങ്ങളിൽ വരുത്തുന്ന വീഴ്ചകൾക്ക് 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ (Parkin). പാർക്കിങ് ടിക്കറ്റിന്റെ കാലാവധി തീരൽ, തെറ്റായ രീതിയിൽ വാഹനം ഒതുക്കൽ, അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് സ്ഥലം ഉപയോഗിക്കൽ തുടങ്ങിയ ലംഘനങ്ങൾക്ക് കർശന പരിശോധനയാണ് എമിറേറ്റിൽ നടക്കുന്നത്.
റോഡരികിലെ പാർക്കിങ് ബേകൾ, തുറന്ന പ്ലോട്ടുകൾ, ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ചാണ് പാർക്കിൻ പിഴ തുക നിശ്ചയിച്ചിട്ടുള്ളത്. കൃത്രിമബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ക്യാമറകളും സ്മാർട്ട് സ്കാനിങ് വാഹനങ്ങളും സോളാർ സെൻസറുകളും ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഡിജിറ്റലായി പരിശോധിക്കുന്ന രീതിയാണ് ഇപ്പോൾ ദുബായിൽ വ്യാപകമായിട്ടുള്ളത്.
റോഡരികിലെയും തുറന്ന പ്ലോട്ടുകളിലെയും പിഴകൾ
സാധാരണ പാർക്കിങ് മേഖലകളിൽ ഏറ്റവും കുറഞ്ഞ പിഴ 100 ദിർഹമാണ്. അനുവദനീയമായ സമയപരിധി കഴിഞ്ഞ് വാഹനം പാർക്ക് ചെയ്യുകയോ പാർക്കിങ് ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും വാഹനം മാറ്റാതിരിക്കുകയോ ചെയ്താൽ 100 ദിർഹം നൽകേണ്ടിവരും.
ഫീസ് അടയ്ക്കാതെ വാഹനം പാർക്ക് ചെയ്യുന്നതിനും നിർബന്ധിത സ്ഥലങ്ങളിൽ ഫിസിക്കൽ ടിക്കറ്റ് പ്രദർശിപ്പിക്കാത്തതിനും 150 ദിർഹമാണ് ശിക്ഷ.
നടപ്പാതകളിൽ വാഹനം കയറ്റിയിടുക, പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ വാഹനം നിർത്തുക, മറ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുക എന്നിവയ്ക്ക് 200 ദിർഹം പിഴ ചുമത്തും.
ഗുരുതരമായ നിയമലംഘനങ്ങൾക്കുള്ള പിഴ 1,000 ദിർഹമാണ്:
- നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ പാർക്ക് ചെയ്യുക
- ഭിന്നശേഷിക്കാർക്കായി (People of Determination) നീക്കിവെച്ച പ്രത്യേക സ്ഥലങ്ങളിൽ സാധുവായ പെർമിറ്റില്ലാതെ പാർക്ക് ചെയ്യുക
- മറ്റുള്ളവർക്കായി അനുവദിച്ച പ്രത്യേക ബേകളിൽ അനധികൃതമായി വാഹനം നിർത്തുക
- അനുമതിയില്ലാതെ വാഹനം വിൽപനയ്ക്കോ വാടകയ്ക്കോ വെക്കുക
- പബ്ലിക് പാർക്കിങ്ങിൽ ഷീറ്റുകളോ ഷെൽട്ടറുകളോ നിർമിക്കുക
- പാർക്കിങ് മെഷീനുകൾക്കോ ബോർഡുകൾക്കോ കേടുപാടുകൾ വരുത്തുക
പാർക്കിങ് സൂചനാ ബോർഡുകളോ മെഷീനുകളോ അനധികൃതമായി മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്താൽ 10,000 ദിർഹമാണ് പിഴ.
മൾട്ടി-സ്റ്റോറി പാർക്കിങ് ചട്ടങ്ങൾ
ബഹുനില പാർക്കിങ് കേന്ദ്രങ്ങളിലെ സുരക്ഷയും സുഗമമായ വാഹന നീക്കവും ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങളുണ്ട്.
പ്രവേശന ടിക്കറ്റോ ഇലക്ട്രോണിക് കാർഡോ നഷ്ടപ്പെടുത്തിയാൽ 150 ദിർഹം നൽകണം.
ലൈനുകൾ തെറ്റിച്ച് വാഹനം ഒതുക്കുക, ഡബിൾ പാർക്കിങ് നടത്തുക, പാർക്കിങ് കെട്ടിടങ്ങൾക്കുള്ളിൽ മാലിന്യം തള്ളുക, വഴികൾ തടസ്സപ്പെടുത്തുക എന്നിവയ്ക്ക് 200 ദിർഹം പിഴ ലഭിക്കും.
അനുവദനീയമായ ഉയരപരിധി മറികടന്ന് വാഹനം പ്രവേശിപ്പിച്ചാലോ നിശ്ചിത സമയത്തിനപ്പുറം പാർക്കിങ്ങിൽ വാഹനം ഉപേക്ഷിച്ചാലോ 500 ദിർഹമാണ് പിഴ.
ഫീസ് നൽകാതെ കടന്നുകളയുക, ഭിന്നശേഷിക്കാർക്കുള്ള സ്ലോട്ടുകൾ കൈയേറുക, കെട്ടിടത്തിനുള്ളിലെ സാങ്കേതിക ഉപകരണങ്ങൾ നശിപ്പിക്കുക എന്നിവയ്ക്ക് 1,000 ദിർഹം ഈടാക്കും.
കൈയേറ്റങ്ങൾക്കും ആവർത്തിച്ചുള്ള ലംഘനങ്ങൾക്കുമുള്ള ശിക്ഷ
പെർമിറ്റില്ലാതെ പാർക്കിങ് സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ ആവർത്തന സ്വഭാവമനുസരിച്ച് വർധിക്കുന്ന പിഴയാണ് ഏർപ്പെടുത്തിയിട്ടുള്ളത്:
- അനധികൃതമായി സ്ഥലം കൈയേറുകയോ പ്രവൃത്തികൾ നടത്തുകയോ ചെയ്യുക: ആദ്യ തവണ 2,500 ദിർഹം, രണ്ടാം തവണ 5,000 ദിർഹം, മൂന്നാമതും ആവർത്തിച്ചാൽ 10,000 ദിർഹം.
- വ്യാജമായി റിസർവ് ചെയ്തതാണെന്ന് വരുത്തിത്തീർക്കുക: ട്രാഫിക് കോണുകളോ അനധികൃത ബോർഡുകളോ ഉപയോഗിച്ച് പൊതു പാർക്കിങ് തടസ്സപ്പെടുത്തിയാൽ യഥാക്രമം 2,500, 5,000, 10,000 ദിർഹം വീതം പിഴ.
- ഉപകരണങ്ങൾ നശിപ്പിക്കുക: ആദ്യ തവണ 2,500 ദിർഹം, രണ്ടാം തവണ 5,000 ദിർഹം, പിന്നീട് 10,000 ദിർഹം.
- പരിശോധന തടസ്സപ്പെടുത്തുക: പാർക്കിൻ ഇൻസ്പെക്ടർമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ആദ്യ ലംഘനത്തിന് 1,000 ദിർഹവും ആവർത്തിച്ചാൽ 2,000, 4,000 ദിർഹം വീതവും പിഴ ഈടാക്കും.
‘ദുബായ് പാർക്കിങ്’ എന്ന ഔദ്യോഗിക പേരോ ലോഗോയോ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാലോ അനുമതിയില്ലാതെ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയാലോ 10,000 ദിർഹം നേരിട്ട് പിഴ ചുമത്തും.
പിഴ വിവരങ്ങൾ പരിശോധിക്കാനും അടയ്ക്കാനും
പാർക്കിൻ വെബ്സൈറ്റ് (parkin.ae) വഴിയോ പാർക്കിൻ മൊബൈൽ ആപ്പ് വഴിയോ പിഴ പരിശോധിക്കാനും അടയ്ക്കാനും സാധിക്കും.
വാഹനത്തിന്റെ എമിറേറ്റ്, പ്ലേറ്റ് കോഡ്, നമ്പർ അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പർ നൽകി നിലവിലെ പിഴകൾ പരിശോധിക്കാം. യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ലോഗിൻ ചെയ്തും ഡിജിറ്റൽ കാർഡുകൾ വഴി പണമടച്ച് ഇടപാടുകൾ പൂർത്തിയാക്കാം.










