ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ‘ജുവൽ ഓഫ് ജോയ്’ ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് തുറന്നു. 25,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഷോറൂം യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു.
ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി, ഇഥ്റ ദുബായ് സിഇഒ ഇസ്സാം ഗലാധാരി, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സ്വർണം, ഡയമണ്ട്, വിവാഹാഭരണങ്ങൾ, വിലയേറിയ രത്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിന്റെ പ്രധാന ആകർഷണം. സന്ദർശകർക്ക് നടന്നു കയറാൻ കഴിയുന്ന ഭീമൻ വളയുടെ മാതൃകയായ ‘ദ റോയൽ ബാംഗിൾ വാക്ക്’ ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളും ഇവിടെയുണ്ട്.
യുഎഇയിൽ ജോയ്ആലുക്കാസിന്റെ നാല് പതിറ്റാണ്ടിനടുത്തുള്ള വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ഷോറൂമെന്ന് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. 13 രാജ്യങ്ങളിലായി 200-ലധികം ഷോറൂമുകളുള്ള ഗ്രൂപ്പിന് ആഗോളതലത്തിൽ ഒരു കോടിയിലധികം ഉപഭോക്താക്കളുണ്ടെന്നും കമ്പനി അറിയിച്ചു.










