പ്രമുഖ ഇന്ത്യൻ വാച്ച് നിർമാതാക്കളായ ടൈറ്റൻ വാച്ചസ് തദ്ദേശീയമായി വികസിപ്പിച്ച ‘വെട്ര’ മൂവ്മെന്റ് ദുബായ് മാൾ ഓഫ് ദി എമിറേറ്റ്സിൽ അനാവരണം ചെയ്തു.
ദുബായ്, യു.എ.ഇ — ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ വാച്ച് നിർമാതാക്കളായ ടൈറ്റൻ വാച്ചസ് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മെക്കാനിക്കൽ മൂവ്മെന്റ് ‘വെട്ര’ (VETRA) ദുബായിൽ പുറത്തിറക്കി. ദുബായ് മാൾ ഓഫ് ദി എമിറേറ്റ്സിൽ സജ്ജീകരിച്ച പ്രത്യേക പ്രദർശന വേദിയായ എക്സ്പീരിയൻഷ്യൽ സ്പേസിലാണ് പുതിയ സാങ്കേതിക മുന്നേറ്റം അവതരിപ്പിച്ചത്. നവംബർ രണ്ട് വരെയാണ് ഈ പ്രദർശനം നീണ്ടുനിൽക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിലാകെ 70 പുതിയ എക്സ്ക്ലൂസീവ് ഷോറൂമുകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നതായും മാനേജ്മെന്റ് വ്യക്തമാക്കി. നിലവിൽ ജി.സി.സിയിൽ 44 എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നതിൽ 31 എണ്ണവും യു.എ.ഇയിലാണ്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും സാന്നിധ്യമുള്ള ആദ്യ വാച്ച് ബ്രാൻഡാണ് ടൈറ്റൻ.
കൈകൊണ്ട് ഘടിപ്പിച്ച് പ്രത്യേക പരിശോധനകൾ പൂർത്തിയാക്കുന്ന ‘വെട്ര 7A’ സീരീസ് മെക്കാനിക്കൽ ആർക്കിടെക്ചറാണ് ഈ സാങ്കേതിക മുന്നേറ്റത്തിന്റെ കാതൽ. 72 മണിക്കൂർ പവർ റിസർവ്, ജി.എം.ടി, ബിഗ്-ഡേറ്റ് തുടങ്ങിയ സങ്കീർണ്ണ ഘടകങ്ങൾ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ട്. ടൈറ്റന്റെ ഏറ്റവും പുതിയ സിഗ്നേച്ചർ ഓട്ടോമാറ്റിക്സ് കളക്ഷനിലാണ് ഈ മൂവ്മെന്റ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ആഗോള വാച്ച് നിർമാണ രംഗത്ത് ഇന്ത്യയുടെ സാങ്കേതിക കരുത്ത് അടയാളപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് വെട്രയെന്ന് ടൈറ്റൻ വാച്ചസ് വൈസ് പ്രസിഡന്റും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ രാഹുൽ ശുക്ല പറഞ്ഞു. രൂപകൽപ്പനയിലെ സൗന്ദര്യത്തിനൊപ്പം മെക്കാനിക്കൽ എൻജിനീയറിംഗിന്റെ മികവും സമന്വയിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
18 കാരറ്റ് തങ്കത്തിൽ നിർമിച്ച പരമ്പരാഗത ആഭരണ വാച്ചുകളായ നെബുല, വനിതാ കളക്ഷനായ രാഗ, അൾട്രാ സ്ലിം ശ്രേണിയായ എഡ്ജ്, ഓട്ടോമാറ്റിക് ടൂർബിയോൺ മോഡലുകൾ എന്നിവയും മാൾ ഓഫ് ദി എമിറേറ്റ്സിലെ വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1994-ൽ ഒമാനിലൂടെയാണ് ടൈറ്റൻ ഗൾഫ് വിപണിയിൽ പ്രവർത്തനം ആരംഭിച്ചത്.










