ദുബായ്: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ഹ്രസ്വചിത്ര മത്സരമായ ‘സ്റ്റോറീസ് ഓഫ് അവർ ഡിറ്റർമിനേഷൻ’ സമാപിച്ചു. ദുബായ് ഹിൽസ് മാളിലെ റോക്സി സിനിമാസിൽ നടന്ന സമാപന ചടങ്ങിൽ 55 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുകയും 11 വിജയികളെ ആദരിക്കുകയും ചെയ്തു.
യുഎഇയിലെ സർഗാത്മക പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയൊരുക്കിയ മത്സരത്തിൽ നിശ്ചയദാർഢ്യം, ഐക്യദാർഢ്യം, രാജ്യത്തോടുള്ള സ്നേഹം, ദേശീയതാബോധം എന്നിവ പ്രതിഫലിപ്പിക്കുന്ന കഥകളാണ് പ്രമേയമായത്.
സിനിമയിലൂടെ യുഎഇയുടെ മൂല്യങ്ങളും ജനങ്ങളുടെ പ്രചോദനാത്മകമായ ജീവിതാനുഭവങ്ങളും അവതരിപ്പിക്കുന്നതിൽ മത്സരം ശ്രദ്ധേയമായി.

55 ചിത്രങ്ങളുടെ പ്രദർശനത്തിനുശേഷം മികച്ച പ്രകടനം കാഴ്ചവെച്ച 11 വിജയികളെ ചടങ്ങിൽ ആദരിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കും ഈ സംരംഭത്തിന്റെ വിജയത്തിനായി സഹകരിച്ചവർക്കും സംഘാടകർ നന്ദി അറിയിച്ചു.
55 വർഷങ്ങൾ, 55 സിനിമകൾ, ഒരു രാജ്യം എന്ന സന്ദേശത്തിലൂടെ യുഎഇയുടെ ഐക്യവും ഒരുമയും നിശ്ചയദാർഢ്യവും ആഘോഷിക്കുന്ന വേദിയായി മത്സരം മാറി.










