ഷാർജ: ഷാർജ കിംഗ് അബ്ദുൽ അസീസ് സ്ട്രീറ്റിന് പിറകുവശം ഇൻഡസ്ട്രിയൽ ഏരിയ 4ൽ ന്യൂ മാർട്ട് ഹൈപർ മാർക്കറ്റ് ഈ മാസം 11ന് പ്രവർത്തനം ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ശൈഖ് അഹ്മദ് സഖർ റാഷിദ് അഹ്മദ് അൽ ഖാസിമി മുഖ്യാതിഥിയായി സംബന്ധിക്കും.
ശൈഖ് മാജിദ് ബിൻ ഫൈസൽ അൽ ഖാസിമി ഉൾപ്പെടെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പ്രൈവറ്റ് അഫയേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഷാർജ കെ.എം.സി.സി പ്രസിഡന്റും ന്യൂ മാർട്ട് ഹൈപർ മാർക്കറ്റ് ചെയർമാനുമായ ഹാഷിം പി.കെ പ്രഖ്യാപന ചടങ്ങിൽ വിവരങ്ങൾ അറിയിച്ചു.
ഇൻഡസ്ട്രിയൽ ഏരിയ 4ലെ താമസക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഹൈപർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. മധ്യവർത്തികളില്ലാതെ നേരിട്ട് ബയിങ് നടത്തുന്നതിനാൽ ലാഭ വിഹിതം ഉപഭോക്താക്കൾക്ക് നൽകാനാകുമെന്ന് ചെയർമാൻ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി ഹൈപർ മാർക്കറ്റ് രംഗത്ത് പ്രവർത്തിച്ച അനുഭവവുമായാണ് ഷാർജയിൽ പ്രവേശിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ നിജാസ് എ.സി പറഞ്ഞു. ദുബൈ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിലും ഉടൻ പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കും.
ഹൈപർ മാർക്കറ്റിൽ വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. ഭക്ഷ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ 32 സ്റ്റാളുകൾ ഇവിടെ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചുദിവസം പ്രത്യേക പ്രമോഷൻ സെയിൽ ഉണ്ടായിരിക്കും. റമദാനോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കുമെന്ന് ഡയറക്ടർ സിറാജ് ദവാരി അറിയിച്ചു.










































