ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ ഊർജ വിതരണ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹയിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ വിപുൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഖത്തർ എനർജി പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
ഖത്തറിലെ ഉന്നത അധികാരികളുമായി ഊർജ മേഖലയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ മന്ത്രി ചർച്ച നടത്തും. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഇന്ത്യയിലേക്കുള്ള എൽ.എൻ.ജി, എൽ.പി.ജി വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചകൾ.
ഇന്ത്യയുടെ പ്രധാന എൽ.എൻ.ജി വിതരണക്കാരായ ഖത്തറുമായി വിതരണം തടസ്സമില്ലാതെ തുടരുന്നതിന് വേണ്ട നടപടികൾ ചർച്ച ചെയ്യുന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ഖത്തറിലെ എൽ.എൻ.ജി പ്ലാന്റുകൾക്ക് ഉണ്ടായ കേടുപാടുകളും കാരണം മാർച്ച് മാസത്തിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞിരുന്നു. ഇത് പരിഹരിച്ച് വിതരണ ശൃംഖല സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം.
ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ ശക്തമാക്കുകയും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുന്നതും ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. യു.എസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് സന്ദർശനം നടക്കുന്നത്.







































