അതിരുകൾക്കപ്പുറമുള്ള മനുഷ്യബന്ധങ്ങളെയും പ്രവാസി സമൂഹങ്ങളെയും ആദരിച്ചുകൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തത്തിൽ ലുലു എക്സ്ചേഞ്ച് ഡിജിറ്റൽ ക്യാമ്പയിൻ ആരംഭിച്ചു.
അബുദാബി, ജൂലൈ 2, 2026: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ച്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (എഎഫ്എ) തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായി പുതിയ ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി. വിവിധ രാജ്യങ്ങളിലെ ബഹുസംസ്കാര സമൂഹങ്ങളെയും അതിരുകൾക്കപ്പുറമുള്ള മനുഷ്യബന്ധങ്ങളെയും കോർത്തിണക്കിയാണ് ഈ ക്യാമ്പയിൻ തയാറാക്കിയിരിക്കുന്നത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെ ദീർഘവീക്ഷണത്തോടെയുള്ള നീക്കങ്ങളുടെ ഭാഗമായാണ്, ഇന്ത്യൻ പാരമ്പര്യമുള്ള യുഎഇയിലെ പ്രമുഖ ധനകാര്യ ബ്രാൻഡും ലോക ഫുട്ബോളിലെ പ്രമുഖ സ്ഥാപനമായ അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള ഈ ആഗോള പങ്കാളിത്തം സാധ്യമായത്.
ഈ സഹകരണത്തിന്റെ ഓർമ്മപ്പെടുത്തലായി പുറത്തിറക്കിയ ബ്രാൻഡ് ഫിലിം, അർജന്റീന ദേശീയ ഫുട്ബോൾ ടീമിനുള്ള ആദരവ് കൂടിയാണ്. വിവിധ രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും കുട്ടികൾ പരസ്പരം ഫുട്ബോൾ കൈമാറി ഒടുവിൽ അത് അർജന്റീനയിൽ എത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ജന്മനാട് വിട്ടുപോകുമ്പോഴും പ്രിയപ്പെട്ടവരുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന ദശലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതയാത്രകളെയാണ് ഈ ദൃശ്യാവിഷ്കാരം പ്രതിഫലിപ്പിക്കുന്നത്. ഫുട്ബോൾ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നതുപോലെ, ലുലു എക്സ്ചേഞ്ച് കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്ന സന്ദേശമാണ് ക്യാമ്പയിൻ നൽകുന്നത്.
കഴിഞ്ഞ 16 വർഷമായി ധനകാര്യ സേവനരംഗത്തുള്ള ലുലു എക്സ്ചേഞ്ചിന് യുഎഇയിൽ മാത്രം 160-ലധികം കസ്റ്റമർ എൻഗേജ്‌മെന്റ് സെന്ററുകളും, പത്ത് രാജ്യങ്ങളിലായി 390-ലധികം ഗ്ലോബൽ കസ്റ്റമർ ടച്ച് പോയിന്റുകളുമുണ്ട്. ഫുട്ബോൾ എങ്ങനെയാണോ ലോകമെമ്പാടുമുള്ള ആരാധകരെ ഒരുമിപ്പിക്കുന്നത്, അതുപോലെ തന്നെയാണ് വിദേശപണവിനിമയ സേവനങ്ങൾ അതിർത്തികൾക്കപ്പുറമുള്ള കുടുംബങ്ങളെ ബന്ധിപ്പിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ഈ വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.










