40 വയസ്സിലെത്തുന്ന ഷാർജ പുസ്തകോത്സവം ഇക്കുറി എത്തുന്നത് കൂടുതൽ സാങ്കേതികത്തികവോടെ. മേളയുടെ അജണ്ട, പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, എക്സിബിറ്റർ സ്പേസുകൾ എന്നിവ തെരഞ്ഞെടുക്കുന്നതിനും സ്കൂൾ സന്ദർശനങ്ങൾ ബുക്ക് ചെയ്യുന്നതിനും പുസ്തകത്തിന് പണം നൽകുന്നതിനും സമയവും പരിശ്രമവും ലാഭിക്കുന്ന സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതോറിറ്റിയുടെ ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്മെൻറുമായി സഹകരിച്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽനിന്ന് പുസ്തകങ്ങൾ വാങ്ങാൻ സാധിക്കും. സന്ദർശകർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും മറ്റ് ഓൺലൈൻ പേമെൻറ് സംവിധാനങ്ങൾ വഴിയും പണമടക്കാനുള്ള സൗകര്യവും പ്രസാധകരുടെ സ്റ്റാൻഡുകളിൽ പണമടക്കുന്നതിനു പുറമേ, പ്രവേശന കവാടങ്ങളിൽ സെൽഫ് പേയ്മെൻറ് മെഷീനുകളും സജ്ജീകരിക്കുന്നുണ്ട്.
സന്ദർശനം എളുപ്പമാക്കാൻ ആപ്പ്.
ഈ വർഷം ഔദ്യോഗിക മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ‘Sibf’ എന്ന പേരിൽ ഇത് ലഭ്യമാണ്. സെഷനുകൾ, ശിൽപശാലകൾ, പരിപാടികൾ, പ്രസാധകരുടെ പട്ടിക, പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുളള സേവനങ്ങൾ പുതിയ ആപ്പ് നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സെഷനുകളുടെ സമയത്തെക്കുറിച്ച് അറിയാനും ഇതുവഴി സാധിക്കും. വിദ്യാർഥി സമൂഹത്തിനിടയിൽ പുസ്തകമേളയുടെ ജനപ്രീതി കണക്കിലെടുത്ത് https://bit.ly/2XOJN8V എന്ന ലിങ്ക് വഴി എളുപ്പം രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.