കുവൈത്ത്: ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്. ഗ്ലാസ്‌ഗോവിലെ യുഎന്‍ കാലാവസ്ഥ വ്യതിയാനം സമ്മേളനത്തില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രതിനിധിയായി കുവൈത്ത് പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആഗോള തലത്തില്‍ പരിസ്ഥിതിക്ക് ആഘാതം വരുത്തുന്ന കാര്‍ബണ്‍ പ്രതിരോധത്തിന് ഗള്‍ഫ് മേഖലയിലും ആഗോള തലത്തിലും കുവൈത്ത് നയം ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന എല്ലാവിധ കൂട്ടായ ശ്രമങ്ങള്‍ക്കും കുവൈത്തിന്റെ പിന്തുണയും സഹകരണവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2050 വരെ കുവൈത്ത് ശക്തമായ ലോ കാര്‍ബന്‍ നയവും നിലപാടും ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കുവൈത്ത് പ്രതിനിധി സംഘത്തില്‍ പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ കൂടാതെ എണ്ണ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷേയ്ഖ് അബ്ദുല്ല അഹ്മദ് അല്‍ ഹമൂദ് അസ്സബാഹ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.