യുഎഇ: യുഎഇയിൽ കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട് . ജലദോഷം, പനി, ചുമ, തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടൽ, ചർമരോഗങ്ങൾ, വയറ്റിന്റെ അസ്വസ്ഥതകൾ എന്നിവ മൂലം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തവണ പകർച്ചപ്പനി വ്യാപനം കൂടുതലാണ്. സ്കൂളുകൾ തുറന്നതും പൊതുപരിപാടികൾ കൂടിയതും രോഗങ്ങൾ വ്യാപകമായി.അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. കുട്ടികൾ, വയോധികർ, ആരോഗ്യ പ്രശ്നങ്ങളുള്ള വർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. യുഎഇയിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പകർച്ചപ്പനി സീസൺ.
കുട്ടികളും മുതിർന്നവരും ഫ്ലൂ വാക്സീൻ സ്വീകരിക്കുന്നത് സുരക്ഷിത മാണെന്ന് അജ്മാൻ ആമിന ആശുപത്രിയിലെ പീഡിയാട്രിക്സ് സ്പെഷലിസ്റ്റ് ഡോ.ജെന്നി ചെറിയത്ത് ജോൺ പറഞ്ഞു. ജനിതക ഘടനയിൽ വ്യതിയാനം സംഭവിച്ച വൈറസ് വിഭാഗങ്ങളെ പ്രതിരോധിക്കുന്ന ‘ക്വാഡ്രിവാലന്റ്’ വാക്സീനാണു നൽകുന്നത്. ഇൻഫ്ലുവൻസ എ എച്ച്1എൻ1, ഇൻഫ്ലുവൻസ എ എച്ച്3എൻ2, 2 തരത്തിലുള്ള ഇൻഫ്ലുവൻസ ബി എന്നിവയ്ക്കെതിരെ ഇത് പ്രവർത്തിക്കും. കുട്ടികളിൽ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടാൽ വേഗം വൈദ്യസഹായം തേടണം.
നിയന്ത്രണങ്ങളിൽ വന്ന ഇളവുകൾ ദുരുപയോഗപ്പെടുത്തരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടണം. അകലം പാലിക്കണം. കൈകൾ ശുചിയാക്കുക തുടങ്ങിയ ശീലങ്ങൾ തുടരണം.∙ രോഗമുള്ള കുട്ടികളെ സ്കൂളിലോ പുറത്തേക്കോ അയയ്ക്കാതിരിക്കുക. പലരോഗങ്ങളും ചുമയിലൂടെയും സംസാരത്തിലൂടെയുമാണ് പകരുക.∙ തണുത്ത ജ്യൂസ്, ഐസ്ക്രീം, ചോക് ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. ശുദ്ധജലം, ശുദ്ധവായു എന്നിവയും ഉറപ്പാക്കണം. പഴങ്ങളും പച്ചക്കറികളും സാലഡുകളും കൂടുതൽ ഉൾപ്പെടുത്തുക. മുന്തിരി, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി തുടങ്ങിയവ (സിട്രസ് ഫ്രൂട്സ്) നല്ലതാണ്.
∙ വളർത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കണം. വളർത്തു മൃഗങ്ങളിൽ നിന്നു കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.