കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിന് ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് അബുദാബിയിൽ ആരംഭിച്ച അഞ്ചാമത് ഇന്ത്യൻ ഓഷ്യൻ കോൺഫൻസ് ആവശ്യപ്പെട്ടു.ഇന്ത്യൻ മഹാസമുദ്രം: പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, പകർച്ചവ്യാധി എന്ന പ്രമേയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള 50 പ്രഭാഷകർ ഉൾപ്പെടെ 200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ, മാലിദ്വീപ് വൈസ് പ്രസിഡന്റ് ഫൈസൽ നസീം, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ, യുഎഇ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ എന്നിവരാണ് പ്രഭാഷകരിൽ പ്രമുഖർ.
കൂടാതെ ഒമാൻ, ഓസ്‌ട്രേലിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരും യുഎഇയിലെ മുൻ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഉൾപ്പെടെ ഒട്ടേറെ നയതന്ത്ര പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ യുഎഇ, ഒമാൻ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.