കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ, പിഴ അടച്ചു താമസരേഖ നിയമപരമാക്കുന്നതിനോ അവസരം നല്കി 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് ഇതിനായി സമയ പരിധി അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് ഈ കാലയളവില്‍ പിഴ കൂടാതെ രാജ്യം വിടുന്നതിനും പുതിയ വിസയില്‍ തിരിച്ചു വരുന്നതിനും അവസരം ലഭിക്കും.കൂടാതെ രാജ്യം വിടാന്‍ താല്പര്യമില്ലാത്തവര്ക്ക് പിഴ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും കഴിയും. 600 ദിനാര്‍ ആണ് പരമാവധി പിഴ ഒടുക്കേണ്ടത്. എന്നാല്‍ ക്രിമിനല്‍,സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടു രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവര്‍ക്ക് ഈ കാലയളവില്‍ കേസില്‍ തീര്‍പ്പ് ഉണ്ടായാല്‍ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു. ഇതിനായി താമസ കാര്യ വിഭാഗത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.
കുവൈത്തില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ തീരുമാനം. 2020 ഏപ്രില്‍ മാസത്തിലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.