എമിറേറ്റ്‌സ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ നടത്തിയ പരിശോധനയിലാണ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. പരീക്ഷകളില്‍ കോപ്പിയടിച്ചാല്‍ ഫെഡറല്‍ നിയമപ്രകാരം 200,000 ദിര്‍ഹം വരെയാണ് പിഴ. കോപ്പിയടിച്ചതായി കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് നല്‍കി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. തട്ടിപ്പ് നത്തിയ വിദ്യാര്‍ത്ഥികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്ഷാ തട്ടിപ്പ് തടയുന്നതിന് പുതിയ നിയമം നടപ്പിലാക്കിയത്. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തുന്നതിനും കര്‍ശന നടപടി സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം പാസാക്കിയ ഫെഡറല്‍ നിയമങ്ങളുടെ ഭാഗമായാണ് തീരുമാനം. കുറ്റം തെളിഞ്ഞാല്‍ സാമൂഹിക സേവനത്തിനും ശിക്ഷ വിധിക്കും. അതേസമയം പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി നേരിടേണ്ടി വരും. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവയ്ക്ക് നിയമം ബാധകമാണ്.