ഭക്ഷണശാലകളില്‍ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കി അബുദാബി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ഭക്ഷണം പാകം ചെയ്യുന്നസ്ഥലങ്ങളിലെ ശുചിത്വം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
റംസാനിലുടനീളം ഉയര്‍ന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസ്റ്റോറുകള്‍, വിതരണ കേന്ദ്രങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കാമ്പയിന്റെ ഭാഗമായി ബോധവത്കരണ, പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അവ തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിക്കുന്നുണ്ട്.
പാചകം, സംഭരണം, വിതരണം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ പിന്തുടരേണ്ട ഭക്ഷ്യസുരക്ഷാ രീതികളെക്കുറിച്ച് തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. മത്സ്യ-മാംസ മാര്‍ക്കറ്റുകളിലെ പൊതുശുചിത്വം ഉറപ്പാക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 800555 -ല്‍ വിളിച്ചറിയിക്കാം.ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ നടത്തിയ രണ്ടു അറവുശാലകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അതോറിറ്റി കഴിഞ്ഞദിവസം അടപ്പിച്ചിരുന്നു.