റമദാനില്‍ നോമ്പനുഷ്ടിക്കുന്നവര്‍ ക്ഷീണിതരായിരിക്കുമ്പോള്‍ വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. ക്ഷീണവും മയക്കവും അനുഭവപ്പെടുമ്പോള്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. നോമ്പനുഷ്ടിക്കുന്നവരുടെ ഭക്ഷണക്രമത്തിലും ഉറക്കത്തിലും വരുന്ന മാറ്റങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇഫ്താര്‍ സമയത്ത് തിരക്ക് കൂട്ടാതെ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ആര്‍ടിഎ നിര്‍ദേശിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് അതോറിറ്റി ബോധവത്കരണ കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.ആഭ്യന്തര മന്ത്രാലയത്തിന്റെയും വിവിധ ട്രാഫിക് സുരക്ഷാ പങ്കാളികളുടെയും സഹകരണത്തോടെയാണ് കാമ്പയിന്‍ നടപ്പാക്കുന്നത്.
ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ബാനറുകള്‍ എമിറേറ്റിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ടാക്സി, ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും ഇഫ്താര്‍ കിറ്റുകള്‍ക്കൊപ്പം ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.