രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കേരളത്തില്‍ മത്സരിപ്പിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചെങ്കിലും റാലിയില്‍നിന്ന് വിട്ടുനില്‍ക്കും. രാഹുല്‍ സിറ്റിങ് എംപിയാണെന്നത് പരിഗണിക്കാം. എന്നാല്‍ വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചത് സിപിഎമ്മിന്റെ സീറ്റ് പിടിച്ചെടുക്കാനാണെന്നും ഇത് മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇടതു നേതാക്കള്‍ പറയുന്നു.
ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. സോണിയാഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെപി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ ശിവാജി പാര്‍ക്കില്‍ നടക്കുന്ന മെഗാ റാലിയില്‍ പങ്കെടുക്കും. ഉദ്ധവ് താക്കറെ, മകന് ആദിത്യ താക്കറെ, ശരദ് പവാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംമ്പയ് സോറന് എന്നിവരും എത്തുമെന്നാണ് വിവരം. ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്താനാണു മുന്നണി ലക്ഷ്യമിടുന്നത്.
‘സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലില്‍ തുടങ്ങിയ ന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങള്‍ പിന്നിട്ടു. ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേക വികസന പദ്ധതികളും രാഹുല്‍ പ്രഖ്യാപിച്ചു.