വേനല്‍ക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സര്‍വ്വീസുകളില്‍ 25 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. പ്രതിദിനം 365 ലധികം സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 259 ആഭ്യന്തര സര്‍വ്വീസുകളും 109 അന്താരാഷ്ട്ര സര്‍വ്വീസുകളും ഉള്‍പ്പെടും.
അബുദബി, ഷാര്‍ജ, ജിദ്ദ, ദമ്മാം അടക്കമുള്ള സ്ഥലങ്ങളിലേക്കും അധിക സര്‍വ്വീസുകളുണ്ടാകും. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്നും അധിക ആഭ്യന്തര അന്താരാഷ്ട്രസര്‍വ്വീസുകളും നിശ്ചയിച്ചിട്ടുണ്ട്. അയോധ്യ, കൊല്‍ക്കത്ത, വാരണാസി, ബംഗളുരു, ഹൈദരാബാദ് അടക്കമുള്ള കേന്ദ്രങ്ങളിലേക്കും വേനല്‍ക്കാലത്ത് അധിക സര്‍വ്വീസുകളുണ്ടാകും.
യാത്രക്കാര്‍ക്ക് നിരക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയതായി 4 വ്യത്യസ്ത ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചിരുന്നു. 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്‌സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്‌സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്പ്രസ് ഫ്‌ളെക്‌സ് എന്നിവയ്ക്കു പുറമെ ‘എക്‌സ്പ്രസ് ബിസ്’ എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങളുമാണ് ലഭ്യക്കിയിരിക്കുന്നത്. കഴിഞ്ഞമാസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം രാജ്യത്ത് കൃത്യസമയം പാലിക്കുന്ന എയര്‍ലൈന്‍ എന്ന സ്ഥാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേടിയിരുന്നു.