മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ് പോള്‍ ഫലത്തില്‍ 87.97% വോട്ട് പുതിന്‍ നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം മേയിലേ ഉണ്ടാകൂ. എന്നാല്‍, വോട്ടെടുപ്പിനു പിന്നാലെയെത്തുന്ന എക്‌സിറ്റ് പോളില്‍നിന്ന് ഏറെ വ്യത്യസ്തമാകാറില്ല ഫലം.
ജനങ്ങള്‍ തന്റെ മേല്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിന്‍ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമര്‍ത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. ഇതുപോലൊരു വിജയം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും പുതിന്‍ പറഞ്ഞു. റഷ്യയും യു.എസ്. നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും പുതിന്‍ മുന്നറിയിപ്പ് നല്‍കി. മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ മാത്രമാണെന്നും അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു.
യുക്രൈനിനെതിരേ റഷ്യയ്ക്ക് ജയം സാധ്യമല്ലെന്നും ഭാവിയില്‍ യുക്രൈനില്‍ സൈന്യത്തെ വിന്യസിച്ച് ഭരിക്കാന്‍ പുതിന് കഴിയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു.