ലോക സർക്കാർ ഉച്ചകോടിക്ക് സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കുമെതിരായ സന്ദേശവുമായിട്ടാണ് ദുബൈയിൽ തുടക്കമായത് . കാബിനറ്റ് കാര്യമന്ത്രിയും ലോക ഗവൺമെന്റ്സ് സമ്മിറ്റ് ഓർഗനൈസേഷന്റെ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് ഉച്ചകോടിയുടെ ആമുഖ പ്രഭാഷണം നിർവഹിച്ചു.കഴിഞ്ഞ 25 വർഷമായി യുദ്ധത്തിന്റെ തെറ്റുകൾ ചില സർക്കാറുകൾ ആവർത്തിക്കുന്നത് ചൂണ്ടിക്കാണിച്ച അദ്ദേഹം, കഴിഞ്ഞ രണ്ടരപതിറ്റാണ്ടുകളായി ലോകത്ത് നടന്ന പ്രധാന സംഭവവികാസങ്ങളെ പരാമർശിച്ചാണ് പ്രസംഗിച്ചത്.മനുഷ്യ നാഗരികത വഴിത്തിരിവിൽ എത്തിനിൽക്കുന്ന സാഹചര്യമാണുള്ളത്. 25 വർഷം മുമ്പ് ലോകം ആണവയുദ്ധങ്ങളെയാണ് ലോകം ഭയപ്പെട്ടതെങ്കിൽ ഇന്ന് സൈബർയുദ്ധമാണ് ഭീഷണിയായിരിക്കുന്നത്. സ്ഥിരതയും സഹജീവിതവുമാണ് സംഘർഷങ്ങളേക്കാൾ മികച്ചത്. ചരിത്രത്തിൽനിന്ന് പാഠമുൾകൊള്ളാത്തവർ അത് അനുഭവിക്കാൻ വിധിക്കപ്പെട്ടവരാകും -അദ്ദേഹം പറഞ്ഞു.‘ഭാവി സർക്കാറുകളെ രൂപപ്പെടുത്തൽ’ എന്ന തലക്കെട്ടിൽ ഫെബ്രുവരി 13 വരെ നടക്കുന്ന ഉച്ചകോടിയുടെ 12ാമത് പതിപ്പിൽ സമ്മേളനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിൽ 30ലധികം രാഷ്ട്രത്തലവന്മാരും 80ലധികം അന്താരാഷ്ട്ര സംഘടനകളും 140ലധികം സർക്കാർ പ്രതിനിധികളും പ്രമുഖ ആഗോള വിദഗ്ധരുൾപ്പെടെ 6,000ത്തിലധികം പ്രതിനിധികളും പങ്കെടുക്കും. 200ലധികം സെഷനുകളിൽ ലോകത്തെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന 21 ആഗോള ഫോറങ്ങൾ ഉൾപ്പെടും. 300ലധികം പ്രമുഖ വ്യക്തികൾ ഫോറങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. 30ലധികം മന്ത്രിതല യോഗങ്ങളിലും വട്ടമേശ സമ്മേളനങ്ങളിലും 400ലധികം മന്ത്രിമാർ പങ്കെടുക്കും.
ടെക് ഭീമന്മാരായ ഇലോൺ മസ്ക്, സുന്ദർ പിച്ചെ എന്നിവരും നിരവധി രാജ്യങ്ങളിൽനിന്നുള്ള പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അതിഥികളെ കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിലൂടെ സ്വാഗതം ചെയ്തിരുന്നു.ആഗോള സഹകരണം വർധിപ്പിക്കുക, വൈദഗ്ധ്യം പരസ്പരം കൈമാറുക, ബന്ധങ്ങൾ വളർത്തുക, സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിന് നൂതനമായ പരിഹാരങ്ങൾ സമർപ്പിക്കുക എന്നിവയാണ് സമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് നാണയനിധി, അന്താരാഷ്ട്ര നാണയനിധി, ധനകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 9ാമത് അറബ് ഫിസ്കൽ ഫോറവും മറ്റു ചടങ്ങുകളും ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്നുണ്ട്.