അബുദാബിയിലെ കെമിക്കൽ കമ്പനിയായ അക്വാകെമി ഖലീഫ ഇക്കണോമിക് സോണിൽ (കിസാഡ്) നിർമാണ കേന്ദ്രം ആരംഭിച്ചു. 2.5 കോടി ഡോളർ ചെലവിൽ നിർമിച്ച അക്വാ കെമിയിൽ എണ്ണ, വാതക അപ്സ്ട്രീം വ്യവസായങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കളാണ് നിർമിക്കുക.യുഎഇയിലെ വ്യവസായങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ പ്രാദേശികമായി ലഭ്യമാക്കാൻ സംരംഭത്തിലൂടെ സാധിക്കും. പെയ്ന്റുകൾ, കോട്ടിങ്, നിർമാണം തുടങ്ങിയ വ്യവസായങ്ങളുടെ ആവശ്യങ്ങളും നിറവേറ്റും. അബുദാബിയിലെ കേന്ദ്രം കൂടി പ്രവർത്തന സജ്ജമായതോടെ കമ്പനിയുടെ യുഎഇയിലെ നിക്ഷേപം 8.5 കോടി ഡോളറായി വർധിച്ചു.
എണ്ണക്കമ്പനിയായ അഡ്നോക് ഉൾപ്പെടെ എണ്ണപ്പാട സേവന കമ്പനികൾക്ക് ആവശ്യമായ പ്രത്യേക രാസവസ്തുക്കൾ നൽകാനും സാധിക്കും. 2020 അവസാനത്തോടെ ജബൽ അലിയിൽ പ്രവർത്തനം ആരംഭിച്ചായിരുന്നു കമ്പനിയുടെ ജൈത്രയാത്ര. പുതിയ പ്ലാന്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക മാത്രമല്ല വ്യവസായങ്ങളെ ശാക്തീകരിക്കുക, സുസ്ഥിര വളർച്ചയെ നയിക്കുക, പ്രശ്നപരിഹാരം സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നതെന്ന് അക്വാകെമി സ്ഥാപകനും എംഡിയുമായ ആനന്ദ് കുമാർ പറഞ്ഞു. യുഎഇയുടെ മേക്ക് ഐടി ഇൻ എമിറേറ്റ്സ് ആശയത്തിനു പിന്തുണ നൽകാനും ഇതിലൂടെ സാധിക്കും.
യുഎഇയുടെ രാസ ഉൽപാദന ശേഷി വർധിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനും കഴിയും. ഈ സൗകര്യം നാഴികക്കല്ലാണെന്നും മേഖലയുടെ വ്യാവസായിക പരിണാമത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും ആനന്ദ് കുമാർ പറഞ്ഞു. കഴിഞ്ഞ 4 വർഷത്തെ വിതരണ ശൃംഖലയിലെ വെല്ലുവിളികൾ ഏറ്റെടുത്താണ് പുതിയ പ്ലാന്റിലേക്ക് എത്തിയതെന്ന് അക്വാകെമി ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശോഭിത ആനന്ദ് പറഞ്ഞു. 2023ൽ ഏകദേശം 832.97 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ജിസിസി സ്പെഷ്യൽറ്റി കെമിക്കൽസ് വിപണി 2032ഓടെ ഏകദേശം 1,206.26 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിർമാണം, എണ്ണ, വാതകം, ഓട്ടമോട്ടീവ് വ്യവസായങ്ങൾ എന്നിവയിലെ വർധിച്ച നിക്ഷേപമാണ് അത്തരം വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.