കോട്ടയം ∙ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിക്കാരനായ ഒന്നാം വർഷ വിദ്യാർഥിയെ കോളജ് ഹോസ്റ്റലില്‍ കയ്യുംകാലും കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. വിദ്യാർഥിയെ കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്തു പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.വിദ്യാര്‍ഥിയെ ഉപദ്രവിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിക്കുന്നതും ചിരിച്ചു വർത്തമാനം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ദേഹമാകെ ലോഷന്‍ പുരട്ടിയ നിലയില്‍ തോര്‍ത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണു ഡിവൈഡര്‍ കൊണ്ട് കുത്തുന്നത്. വിദ്യാര്‍ഥി കരയുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചു നല്‍കി. എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും പറയുന്നുണ്ട്.ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവയ്ക്കുന്നതും കാണാം. ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തി. ‘ഏട്ടാ വേദനിക്കുന്നു’ എന്ന് വിദ്യാര്‍ഥി കരഞ്ഞു പറഞ്ഞിട്ടും പ്രതികൾ ക്രൂരത തുടരുന്നതും വ്യക്തമാണ്. കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രമാണെന്നു പൊലീസ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണു ദൃശ്യങ്ങള്‍ പുറത്തുവന്നത്.