പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മധ്യപൂർവദേശത്ത് നീതിയുക്തവും സമഗ്രവുമായ സമാധാനം ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണെന്നും പറഞ്ഞു.ഹമാസും ഇസ്രയേലും തമ്മിലുള്ള ഗാസ വെടിനിർത്തൽ കരാർ സമ്മർദ്ദത്തിലാവുകയും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിലായിരുന്നു ചർച്ച.യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ടെലിഫോണിൽ ചർച്ച നടത്തി പലസ്തീൻ കുടിയൊഴിപ്പിക്കൽ തള്ളി സൗദി
റിയാദ് ∙ പലസ്തീൻ സ്വദേശികളെ കുടിയൊഴിപ്പിക്കുമെന്ന ഇസ്രയേലിന്റെ പ്രസ്താവനയെ സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് തള്ളി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇസ്രയേൽ നിലപാട് തള്ളുന്നതായി ആവർത്തിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകൂവെന്നും മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തിയ കാര്യവും യോഗത്തിൽ വിശദീകരിച്ചു.