അജ്മാൻ: യുഎഇ – പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്റെ മികച്ച ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് (എൻജിബിഎസ്) അജ്മാൻ മുനിസിപ്പാലിറ്റി അഗ്രിക്കൾചറൽ അവാർഡ് നൽകിയത്.പഠനത്തോടൊപ്പം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം കൂടി മനസിലാക്കുന്നതിനാണ് ജൈവകൃഷിരീതി കൂടി എൻജിബിഎസിൽ പഠിപ്പിക്കുന്നത്. ജൈവനടീൽ പരിപാടിയിലൂടെ, സുസ്ഥിര ഭക്ഷ്യോത്പാദനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യകരമായ ജീവിതം എന്നിവയെക്കുറിച്ചും മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു. സ്ഥിരോത്സാഹം, പരിസ്ഥിതി കാര്യനിർവ്വഹണം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം പാരിസ്ഥിതിക ഉത്തരവാദിത്തബോധവും നല്ല സ്വഭാവവും വളർത്തിയെടുക്കാനും സുസ്ഥിരതയിൽ ഊന്നിയ ജൈവകൃഷി രീതി കുട്ടികളെ സഹായിക്കുന്നു.സമഗ്ര വിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ സമർപ്പണത്തിന്റെ തെളിവാണ് അജ്മാൻ കാർഷിക അവാർഡ്.