ദുബായ്: ദുബായ് എമിറേറ്റിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും, ഗതാഗതം സുഗമമാക്കാനും പ്രധാന ജങ്ഷനുകളിലെ തിരക്ക് കുറക്കാനും, റോഡ് ശേഷി വർദ്ധിപ്പിക്കാനുമായി ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നവീകരണം പൂർത്തിയാക്കി. ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി), ബുർജ് ഖലീഫ, ദുബായ് മാൾ, ബഹുരാഷ്ട്ര കോർപറേഷനുകൾ, ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ താമസ കേന്ദ്രങ്ങളും പ്രധാന സാമ്പത്തിക-വാണിജ്യ ലാൻഡ്‌മാർക്കുകളും കൊണ്ട് ചുറ്റപ്പെട്ട സുപ്രധാന സാമ്പത്തിക ഇടനാഴിയായ ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലങ്ങളുടെ വിപുലീകരണവും ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.ഷെയ്ഖ് സായിദ് റോഡിലുള്ള ഗതാഗതം വർധിപ്പിക്കുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്നും, എമിറേറ്റിലുടനീളമുള്ള എല്ലാ വാഹന യാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും സുഗമവും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖുസൈമി പറഞ്ഞു.അബുദാബി ദിശയിൽ ഫിനാൻഷ്യൽ സെന്‍റർ മെട്രോ സ്റ്റേഷനോട് ചേർന്നുള്ള സർവിസ് റോഡിന്‍റെ വികസനം ആർ.ടി.എ പൂർത്തിയാക്കി. പാതകളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി കൂട്ടി. ഇതോടെ റോഡ് ശേഷി 25% വർധിച്ചു. ഇതുവഴി, മണിക്കൂറിൽ 3,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും . നേരത്തെ ഇത് 2,400 വാഹനങ്ങളായിരുന്നു.ശൈഖ് സായിദ് റോഡിലെ ദുബൈ ദിശയിൽ അൽ ഖൈൽ റോഡിനും ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗത ലയന ദൂരം ആർ.ടി.എ ഏകോപിപ്പിച്ചു.