അബുദാബി: യുഎഇയിലെ നാല് പ്രധാന നിരത്തുകളിലെ വേഗ പരിധിയിൽ അധികൃതർ അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്. വേഗ പരിധിയിൽ വരുത്തിയിട്ടുള്ള മാറ്റത്തെക്കുറിച്ച് അറിയുന്നത് സുരക്ഷിതവും പിഴരഹിതവുമായ യാത്രക്ക് സഹായകരമാകും.
E 311 കുറഞ്ഞ വേഗ പരിധി പിൻവലിച്ചു
അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ (E311) കുറഞ്ഞ വേഗം 120 കിലോമീറ്ററായി നിശ്ചയിച്ച തീരുമാനം പിൻവലിച്ചു. ഇടതുവശത്തെ ഒന്നും രണ്ടും വരികളിലാണ് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. ഈ ലെയ്‌നുകളിലൂടെ 120 കിലോമീറ്ററിൽ താഴെ വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴ ഈടാക്കിയിരുന്നത്. ഈ റോഡിലെ പരമാവധി വേഗത 140 കിലോമീറ്ററായി തുടരും.
അബുദാബി-സ്വീഹാൻ റോഡ്
ഏപ്രിൽ 14 മുതൽ ഈ റോഡിലെ വേഗ പരിധി 100 കിലോമീറ്ററായി കുറച്ചു. നേരത്തെ, വേഗ പരിധി 120 കിലോമീറ്ററായിരുന്നു. ഇന്‍റർനാഷണൽ എയർപോർട്ട് റോഡ് (E 20) എന്നും ഇ റോഡിന് പേരുണ്ട്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്‍റർനാഷണൽ റോഡ്
ഈ പ്രധാന റോഡിലെ വേഗ പരിധി 20 കിലോമീറ്റർ കുറച്ചു. E 11 വേഗ പരിധി 160 കിലോമീറ്ററായിരുന്നതാണ് 140 കിലോമീറ്ററായി കുറച്ചത് അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന യുഎഇയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡാണ് E 11.
റാസ് അൽ ഖൈമയിലെ റോഡ്
വർഷാരംഭത്തിൽ റാസ് അൽ ഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിലെ ഒരു മേഖലയിൽ അധികൃതർ വേഗ പരിധി കുറച്ചിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ട്എബൗട്ട് (അൽ റിഫ) മുതൽ അൽ മർജൻ ഐലൻഡ് റൗണ്ട് എബൗട്ട് വരെയുള്ള മേഖലയിലെ പുതിയ വേഗ പരിധിയാണ് 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചത്. അമിതവേഗം മൂലമുണ്ടാകുന്ന അപകടം കുറയ്ക്കുന്നതിനാണ് ജനുവരി 17 മുതൽ പുതിയ വേഗ പരിധി നിയമം നടപ്പാക്കിയത്.