ദുബൈ: ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമമേഖലയിലേക്ക് കടക്കുന്നതിനുള്ള അനുസതി നിഷേധിച്ച് പാകിസ്താന്‍. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനകമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് വ്യാഴാഴ്ചയാണ് പാക് സര്‍ക്കാര്‍ അറിയിച്ചത്.ഡല്‍ഹി പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും വടക്കേ ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ യാത്രാ സമയം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടുകളിലെ ടിക്കറ്റു നിരക്കുകളില്‍ ഹ്രസ്വകാല വര്‍ധനവ് ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 8 ശതമാനം മുതല്‍ 12 ശതമാനം വരെ ടിക്കറ്റു നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ആകാശ എയര്‍ ചൂണ്ടിക്കാട്ടി. വിമാനങ്ങള്‍ റൂട്ട് മാറ്റാനുള്ള തീരുമാനം ആകാശ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.’മുന്‍കരുതല്‍ നടപടിയായി പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു. ഈ ക്രമീകരണം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുകയോ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അകാശ എയര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.’ ദിവസേന സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയും എല്ലായ്പ്പോഴും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ നിലനിര്‍ത്തുന്നതിന് ഞങ്ങളുടെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും,’ എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.വടക്കേ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ ബദല്‍ പാതകളിലൂടെ വഴിതിരിച്ചുവിടുമെന്ന് സ്‌പൈസ് ജെറ്റ് എയര്‍ലൈനിന്റെ വക്താവ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്നും രണ്ട് എയര്‍ലൈനുകളും അടിവരയിടുന്നു.