ദുബായ് :അബുദാബി ∙ ആഗോള വിനോദസഞ്ചാര മേഖലയിലെ പുതിയ കാഴ്ചകളിലേക്കും സാധ്യതകളിലേക്കും വാതിൽ തുറന്ന് മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ 32ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം 2025) ദുബായിൽ തുടക്കമായി . 166 രാജ്യങ്ങളിൽനിന്നുള്ള 2,800ലേറെ പ്രദർശകരും 55,000 ട്രാവൽ പ്രഫഷനലുകളും പങ്കെടുക്കുന്ന എടിഎം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.ആഗോള ടൂറിസം ഭൂപടത്തിൽ എടിഎമ്മിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിനു അടിവരയിടുന്ന പ്രദർശനത്തിൽ 67% രാജ്യാന്തര കമ്പനികളും 33% മധ്യപൂർവദേശത്തുനിന്നുള്ള കമ്പനികളുമാണ് പങ്കെടുക്കുന്നത്. ‘ആഗോള യാത്ര: മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ നാളത്തെ ടൂറിസം വികസിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് പ്രദർശനം. 4 ദിവസമാണ് മേള. പ്രദർശകരുടെയും പ്രഫഷനലുകളുടെയും എണ്ണത്തിൽ റെക്കോർഡ് ഇടാനാണ് ശ്രമമെന്ന് എടിഎം മിഡിൽ ഈസ്റ്റ് ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു. ഒഴിവുസമയ വിനോദ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ, ആഡംബര – കോർപറേറ്റ് യാത്രകൾ തുടങ്ങി എല്ലാ മേഖലകളിൽനിന്നുള്ള ട്രാവൽ പ്രഫഷനലുകളെയും എടിഎമ്മിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. വർധിച്ച പ്രതികരണത്തെ തുടർന്ന് 2 ഹാളുകൾ കൂടി അധികമായി ചേർത്തതിനു പുറമേ ഗ്ലോബൽ സ്റ്റേജ്, ഫ്യൂച്ചർ സ്റ്റേജ്, ബിസിനസ് ഇവന്റ്സ് സ്റ്റേജ് എന്നിങ്ങനെ 3 വിഭാഗമാക്കിയാണ് സമ്മേളനം നടത്തുന്നത്.
∙ സ്റ്റാർട്ട്-അപ്പ്, ഇന്നവേഷൻ സോൺ
നവീന സാങ്കേതികവിദ്യയും നൂതന ആശയങ്ങളും സമന്വയിക്കുന്ന എടിഎം ട്രാവൽ ടെക് ഹാൾ 1, സാബീൽ ഹാൾ 3 എന്നിവയിലായിരിക്കും. പുതിയ സ്റ്റാർട്ട്-അപ്പ്, ഇന്നവേഷൻ സോണും ഇതിലുണ്ട്. പ്രദർശകരുടെ പങ്കാളിത്തം വർഷത്തിൽ 20% വർധിക്കുന്നുണ്ട്. മെച്ചപ്പെട്ട പ്രാദേശിക കണക‌്റ്റിവിറ്റി, രാജ്യാന്തര വിപണികളുമായുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളാണ് ഈ വളർച്ചയ്ക്ക് ആധാരം.
∙ ശ്രദ്ധേയ സാന്നിധ്യം ഏഷ്യൻ രാജ്യങ്ങൾ
ഇന്ത്യ, ജപ്പാൻ, മക്കാവോ, മാലദ്വീപ്, മൊറീഷ്യസ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങി ഏഷ്യൻ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യവുമുണ്ട്. ഇന്ത്യയുടെ ടൂറിസം വ്യവസായം ശ്രദ്ധേയമായ വളർച്ച കൈവരിക്കുമ്പോൾ ഗോവ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാന ടൂറിസം വകുപ്പുകൾ നേരിട്ട് സാന്നിധ്യം അറിയിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങി സ്വകാര്യ എയർലൈനുകൾ ഉൾപ്പെടെ എടിഎമ്മിൽ ഇന്ത്യയുടെ സാന്നിധ്യം 30% വർധിച്ചു.
∙ സഞ്ചാരലോകത്തും എഐ സാധ്യതകൾ
കോസിർ സിഇഒയും എഐ പ്രഭാഷകനും ഗൂഗിളിന്റെ ആദ്യത്തെ ചീഫ് ഡിസിഷൻ സയന്റിസ്റ്റുമായ കാസി കോസിർകോവ് ഉദ്ഘാടന ദിനത്തിലെ ട്രാവൽ രംഗത്തെ എഐ സാധ്യതകളും വെല്ലുവിളികളും പോരായ്മകളും സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകും.
വേദികൾ, ഹോട്ടലുകൾ, കൺവൻഷൻ ബ്യൂറോകൾ, ടൂറിസം ബോർഡുകൾ, എയർലൈനുകൾ എന്നിവയുൾപ്പെടെ എക്സിബിറ്റർമാരുമായി ഇടപാടുകാരെ ബന്ധിപ്പിക്കുന്ന ഐബിടിഎം@എടിഎം ആരംഭിച്ചതാണ് മറ്റൊരു സവിശേഷത.