ഷാർജ ∙ സർക്കാർ, പൊതുമേഖലാ ഗ്രന്ഥശാലകളിലേക്ക് 25 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് പുസ്തകങ്ങൾ വാങ്ങുക.
വിജ്ഞാന രൂപീകരണത്തിലും നൈപുണ്യ വികസനത്തിലും ലൈബ്രറികളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പുസ്തകങ്ങൾ വാങ്ങുന്നത്. ലൈബ്രറികൾ വിജ്ഞാനത്തിന്റെ ആസ്ഥാന മന്ദിരങ്ങളാണെന്ന് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഷാർജയിലെ വായനാസമൂഹത്തെ വളർത്തിയെടുക്കുന്നതിൽ തീരുമാനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക, വൈജ്ഞാനിക വിനിമയത്തിന്റെ പൊതുവേദിയായി ലൈബ്രറികളെ മാറ്റിയെടുക്കുന്നതിൽ ഷാർജയുടെ പ്രതിജ്ഞാബദ്ധത ഒരിക്കൽ കൂടി ഭരണകൂടം വ്യക്തമാക്കുകയാണെന്ന് ഉറപ്പിക്കുകയാണ്. മനുഷ്യശേഷിയുടെ വികനസത്തിനും വിജ്ഞാനത്തിന്റെ നവീകരണത്തിനും സഹായകരമാകുന്ന നിക്ഷേപമാണിതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപഴ്സൻ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. പുതിയ തലമുറയ്ക്ക് അറിവിന്റെ പുതിയ അവസരങ്ങളാണ് ഇതിലൂടെ തുറന്നു കിട്ടുകയെന്നും അവർ പറഞ്ഞു. ശാസ്ത്രം, സാഹിത്യം, ഭാഷാ കൃതികൾ ലഭ്യമാക്കി സർക്കാർ ലൈബ്രറികളെ സമ്പന്നമാക്കുന്നതിനുള്ള ഗ്രാന്റ് തുടരും. 2024ലെ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലും ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങാനായി 45 ലക്ഷം ദിർഹം ഡോ. ഷെയ്ഖ് സുൽത്താൻ അനുവദിച്ചിരുന്നു.