അബൂദബി: സെന്റർ ഫോർ ഫോറൻസിക് ആൻഡ് ഇലക്ട്രോണിക് സയൻസസിലെ കെമിസ്ട്രി ലബോറട്ടറി അന്താരാഷ്ട്ര തലത്തിൽ മുൻപ് രേഖപ്പെടുത്താത്ത പുതിയ മയക്കുമരുന്ന് പദാർത്ഥം കണ്ടെത്തി ആഗോള ഡാറ്റാബേസിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഇതോടെ, അബൂദബി ജുഡീഷ്യൽ ഡിപാർട്മെന്റ് (എ.ഡി.ജെ.ഡി) സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്.ഫോറൻസിക് സയൻസിൽ യു.എ.ഇയുടെ മുൻനിര സ്ഥാനത്തെയും സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തുന്നതിലുള്ള അതിന്റെ പങ്കിനെയും ഈ ഘട്ടം പ്രതിഫലിപ്പിക്കുന്നു.ഏറ്റവും പുതിയ ശാസ്ത്രീയ ലബോറട്ടറി, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സിന്തറ്റിക് കന്നാബിനോയിഡ് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്ന് പദാർത്ഥത്തെയാണ് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ലബോറട്ടറി വിജയകരമായി തിരിച്ചറിഞ്ഞത്. അതിന് ‘എ.ഡി.ബി-4സി-എം.ഡി.എം.ബി-ബിനാക’ എന്ന് പേരിട്ടു. നെതർലാൻഡ്സിലെ അന്താരാഷ്ട്ര ഡാറ്റാബേസിൽ ഈ പദാർത്ഥം രജിസ്റ്റർ ചെയ്തു. അങ്ങനെ, ഈ പദാർത്ഥം രേഖപ്പെടുത്തുന്ന ലോകത്തെ ആദ്യ സ്ഥാപനമായി ഇത് മാറിയിരിക്കുകയാണ്.
സിന്തറ്റിക് കഞ്ചാവിന്റെ അതേ വിഭാഗത്തിൽ പെടുന്ന മറ്റൊരു മയക്കുമരുന്ന് പദാർത്ഥത്തെ മുൻപ് തിരിച്ചറിഞ്ഞിരുന്ന കെമിസ്ട്രി ലബോറട്ടറിയുടെ മുൻകാല നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തലെന്ന് എ.ഡി.ജെ.ഡി അണ്ടർ സെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്രി പ്രസ്താവിച്ചു. ലബോറട്ടറി സംഘത്തിന്റെ വിപുലമായ തയാറെടുപ്പ്, ഉയർന്ന കാര്യക്ഷമത, സാങ്കേതിക വൈദഗ്ധ്യം എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. പൊതു സുരക്ഷയ്ക്കും ശാസ്ത്രീയ പുരോഗതിക്കും അവർ നൽകിയ സംഭാവനകളെ അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.മയക്കു മരുന്ന് ദുരുപയോഗത്തിനെതിരെ പോരാടാനും, സമൂഹ സുരക്ഷ വർധിപ്പിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ സഹായകമാകുമെന്ന് എ.ഡി.ജെ.ഡി അണ്ടർ സെക്രട്ടറി വിശദീകരിച്ചു.സിന്തറ്റിക് മരുന്നുകൾ തിരിച്ചറിയുന്നതിൽ വൈദഗ്ധ്യമുള്ള ലോകത്തിലെ കേന്ദ്രങ്ങളിലൊന്നായ യു.എസിലെ ഫോറൻസിക് സയൻസ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (സി.എഫ്.എസ്.ആർ.ഇ) ഫലപ്രദമായ സഹകരണം നടത്തി, പ്രസക്തമായ ശാസ്ത്രീയ പ്രബന്ധം പുറത്തിറക്കുകയും കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിനു മുൻപായി വസ്തുവിന്റെ ഗുണവിശേഷങ്ങൾ പരിശോധിക്കുമെന്ന് അൽ അബ്രി വെളിപ്പെടുത്തി.
കെമിസ്ട്രി ലാബിലെ വിശകലനങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും കൃത്യതയ്ക്കും ഗുണനിലവാരത്തിനും ഈ ശാസ്ത്രീയ ഡോക്യുമെന്റേഷൻ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു