ഫുജൈറ: ഫുജൈറയിൽ നിന്നും കണ്ണൂർ, മുംബൈ വിമാനത്താവളങ്ങളിലേക്ക് ബജറ്റ് എയർലൈനായ ഇൻഡിഗോയുടെ നേരിട്ടുള്ള പ്രതിദിന സർവിസുകൾ ഈ മാസം 15നാരംഭിക്കും. ഇതോടെ, യു.എ.ഇയിൽ സാന്നിധ്യം കൂടുതൽ വികസിപ്പിക്കാൻ ഇൻഡിഗോക്കാകും. ഫുജൈറയെ യു.എ.ഇയിലെ ഇൻഡിഗോയുടെ അഞ്ചാം ലക്ഷ്യസ്ഥാനമായും, മിഡിൽ ഈസ്റ്റിലെ 41-ാമത്തെ അന്താരാഷ്ട്ര കൂട്ടിച്ചേർക്കലായും അടയാളപ്പെടുത്തുന്നതാകും പുതിയ സർവിസ്. നേരിട്ടുള്ള പ്രതിദിന സർവിസുകളാണ് യു.എ.ഇയുടെ കിഴക്കൻ പ്രവിശ്യയായ ഫുജൈറയിൽ നിന്നും കണ്ണൂർ, മുംബൈ സെക്ടറുകളിലേക്കുള്ളതെന്നത് ഇൻഡിഗോയുടെ വളർച്ചയുടെ സൂചനയാണെന്ന് അധികൃതർ അറിയിച്ചു.ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഫുജൈറയിലേക്കും തിരിച്ചും പ്രത്യേക ബസ് സർവിസുകൾ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള എയർലൈനിന്റെ നിലവിലുള്ള സർവിസുകളെ ഈ തന്ത്രപരമായ നീക്കം പൂരകമാക്കും. യാത്രക്കാർക്ക് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലേക്ക് സൗകര്യമൊരുക്കുന്നത് എടുത്തു പറയേണ്ടതാണ്.
ഇൻഡിഗോയുടെ 41-ാമത്തെ രാജ്യാന്തര ലക്ഷ്യസ്ഥാനവും യു.എ.ഇയിലെ അഞ്ചാമത്തെ വിമാന സർവിസുമായ ഫുജൈറയിലെ പുതിയ യാത്രാ സൗകര്യം മറ്റിടങ്ങളിയ്ക്കുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പ്രസ്താവിച്ചു. ഇൻഡിഗോ നിലവിൽ ഇതിനകം അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്.
ഇൻഡിഗോയുടെ വൈഡ് ബോഡി വിമാന തന്ത്രം വികസിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങളുടെ സർവിസ് ഫ്‌ളീറ്റിലേയ്ക്ക് ചില വിമാനങ്ങൾ കൂട്ടിച്ചേർക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.അടുത്ത വർഷാദ്യത്തിൽ രണ്ട് അധിക ബി787-9 വിമാനങ്ങൾ ഇൻഡിഗോയുടെ പ്രവർത്തന ശൃംഖലയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി എയർലൈൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.