ദുബൈ/കുവൈത്ത് സിറ്റി: ദേശീയ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുന്നതും ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഉത്തരവാദപൂർണമായ ഡിജിറ്റൽ ഉള്ളടക്കം പ്രോത്സാഹിപ്പിക്കാൻ യു.എ.ഇ കർശന മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സഈദ് അൽ ഷിഹ്ഹി. നിയമ നിർമാണം, ശാക്തീകരണം, നിക്ഷേപം, നവീകരണം എന്നിവ സമന്വയിപ്പിക്കുന്ന തന്ത്രപരമായ സമീപനമാണ് യു.എ.ഇയെ ആഗോള മാധ്യമ കേന്ദ്രമായി പരക്കെ തെരഞ്ഞെടുക്കാൻ കാരണമെന്നും, ഈ ചട്ടക്കൂട് പ്രാദേശിക ഉള്ളടക്കത്തെ പിന്തുണയ്ക്കുകയും ആഗോള മാധ്യമ പ്രതിഭകളെ ആകർഷിക്കുകയും ചെയ്യുന്നതോടൊപ്പം, ഇതൊരു പ്രമുഖ മാധ്യമ കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു. യു.എ.ഇ വിശിഷ്ടാതിഥി രാഷ്ട്രമായി കുവൈത്തിൽ നടക്കുന്ന അറബ് മീഡിയ ഫോറത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദ്രുത ഗതിയിലുള്ള വികസനങ്ങൾക്ക് അനുയോജ്യമായതും, ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതുമായ ചലനാത്മക മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ യു.എ.ഇയുടെ മാധ്യമ നയങ്ങളും നിയന്ത്രണ ചട്ടക്കൂടും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അൽ ഷിഹ്ഹി അഭിപ്രായപ്പെട്ടു.പുതിയ മാധ്യമ നിയമവും എക്സിക്യൂട്ടിവ് നിയന്ത്രണങ്ങളും ആരംഭിക്കുന്ന, അധിക നയങ്ങളും തീരുമാനങ്ങളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സമഗ്ര നിയമ നിർമാണ റോഡ്മാപ്പ് യു.എ.ഇ മീഡിയ കൗൺസിൽ അറബ് മീഡിയ ഫോറത്തിൽ അവതരിപ്പിച്ചു. ദേശീയ ഐഡന്റിറ്റി സംരക്ഷിക്കുന്നതോടൊപ്പം, അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി മാധ്യമ രീതികളെ സമന്വയിപ്പിക്കുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതന്നും അദ്ദേഹം പറഞ്ഞു.മീഡിയ അപ്രന്റീസ്ഷിപ് പ്രോഗ്രാം ആരംഭിക്കുന്നത് ഉൾപ്പെടെ പ്രത്യേക പരിശീലന പരിപാടികളിലൂടെയും വർക്ക്‌ഷോപ്പുകളിലൂടെയും എമിറാത്തി പ്രതിഭകളെ
പരിപോഷിപ്പിക്കുന്നതിൽ യുഎഇ മീഡിയ കൗൺസിലിന്റെ നിർണായക പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.
യുവാക്കളെ മാധ്യമ മേഖലയിലെ ഭാവി നേതാക്കളായി യു.എ.ഇ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, എ.ഐ, വെർച്വൽ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ അവരുടെ കഴിവുകൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു വ്യക്തമാക്കി.പ്രാദേശിക, അന്തർദേശീയ സഹകരണത്തിലൂടെയും ദേശീയ നയങ്ങളെ ആഗോള മാധ്യമ പ്രവണതകളുമായി യോജിപ്പിച്ചുകൊണ്ട് മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുമാണ് ഫോറത്തിലെ യു.എ.ഇയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ഉപസംഹരിച്ചു.