ദുബായ്: ബർദുബായ് അൽ ഷിന്ദഗ ഇടനാഴി പദ്ധതി സമ്പൂർണമായി പൂർത്തീകരിച്ച് ദുബായ് ആർടിഎ. അഞ്ച് പാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഇടനാഴിയിലൂടെയുള്ള യാത്രാ സമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും.ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്‍റർസെക്ഷൻ വികസന പദ്ധതി എന്നിവയുടെ ഭാഗമായാണ് അഞ്ചാമത്തെയും അവസാനത്തെയും പാലം ഉദ്ഘാടനം ചെയ്തതെന്ന് ആർടിഎ അറിയിച്ചു.ഇനി മുതൽ അൽ ഗർഹൂദ് പാലത്തിൽ നിന്ന് ഇൻഫിനിറ്റി പാലം വഴി പോർട്ട് റാഷിദിലേക്കും, തുടർന്ന് വാട്ടർ ഫ്രണ്ട് മാർക്കറ്റിലേക്കും, തിരിച്ചും ഗതാഗതം സുഗമമാവും. ജുമൈറ സ്ട്രീറ്റിൽ നിന്ന് ഇൻഫിനിറ്റി പാലത്തിലേക്കുള്ള യാത്രയ്ക്ക് ഇനി അഞ്ച് മിനിറ്റ് സമയം മാത്രമേ എടുക്കൂ എന്ന് ആർടിഎ അറിയിച്ചു.കൂടാതെ, ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്കും ഡിസംബർ 2 സ്ട്രീറ്റുമായുള്ള ജങ്ഷനിലെ അൽ വാസൽ റോഡിലേക്കും സഞ്ചരിക്കാനും അഞ്ച് മിനിറ്റ് സമയമേ ആവശ്യമുള്ളു.
ദേരയിലെ ഇൻഫിനിറ്റി പാലം റാമ്പിന്‍റെ അവസാനം മുതൽ അൽ ഖലീജ് സ്ട്രീറ്റിന്‍റെയും കെയ്‌റോ സ്ട്രീറ്റിന്‍റെയും ജങ്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണെന്നും ആർടിഎ അറിയിച്ചു.
‘പത്ത് ലക്ഷം പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും’- റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.