ഷാർജ: യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം ചരിത്രം കുറിച്ച സായാഹ്നത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷന് പ്രൗഢ സമാപനം. മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന്‍റെ ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തിയ ‘ബിയോണ്ട് ദ ബൗണ്ടറീസ്’ എന്ന ചടങ്ങോടെയാണ് മേള അവസാനിച്ചത്. ജീവിതത്തിലെ അവിസ്മരണീയ ആദരമാണ് ‘കമോൺ കേരള’യിൽ ലഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യൻ നാടുകൾ. തീർച്ചയായും അഭിനയജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന ഈ മേളയിൽ മലയാളത്തേയും ഇന്ത്യയേയും പ്രതിനിധീകരിച്ച് പങ്കെടുക്കാനായതിൽ ഏറെ അഭിമാനമുണ്ട് -മോഹൻലാൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ മോഹൻലാലിന് ‘ഗൾഫ് മാധ്യമ’ത്തിന്‍റെ ഉപഹാരം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് കൈമാറി.
ഷാർജ എക്സ്പോ സെൻററിൽ വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ കഴിഞ്ഞ വർഷങ്ങളിലെ റെക്കോർഡുകൾ തകർത്ത ജനക്കൂട്ടമാണ് ഇത്തവണ എത്തിച്ചേർന്നത്. രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും പരിപാടികളും ആസ്വദിക്കാൻ ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ എത്തിച്ചേർന്നു. വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് പകൽ സമയം ചിലവഴിച്ചവർ, പ്രഗൽഭ ഗായകർ പങ്കെടുക്കുന്ന സംഗീത വിരുന്ന് ആസ്വദിച്ചാണ് മടങ്ങിയത്. ‘ലിറ്റിൽ ആർടിസ്റ്റ്’, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ, സിങ് ആൻഡ് വിൻ തുടങ്ങിയ മൽസരത്തിന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചത്. ഗൾഫിൽ നിന്നും ഇന്ത്യയിൽ നിന്നും 200ഓളം സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയത്. ഞായറാഴ്ച വേദിയിൽ ബിസിനസ് പ്രമുഖരെ ആദരിച്ച ഇന്ത്യൻ ബിസിനസ് ഐക്കൺ അവാർഡ്, ബിസിനസ് അച്ചീവ്മെന്റ് അവാർഡ്, അറേബ്യൻ ലഗസി അവാർഡ് എന്നിവയും സമ്മാനിച്ചു.