റാസൽ ഖൈമ: ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ റാസൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.എമിറേറ്റിലെ ഒരു താമസ മേഖലയിൽ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്തു.
ഇടുങ്ങിയ വഴിയിലൂടെ വാഹനം കടന്നുപോകുന്നതിനെച്ചൊല്ലി ഉണ്ടായ വാക്കുതർക്കം ക്രമേണ സംഘർഷത്തിലെത്തുകയും പ്രതി തോക്കെടുത്ത് സ്ത്രീകളെ വെടിവയ്ക്കുകയുമായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.വെടിയേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും കേസ് കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചതായി യു എ ഇ യിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു, സമൂഹത്തിന്റെ സുരക്ഷ അപകടപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.