ദുബായ് :ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA), ദുബായ് മെട്രോയും ട്രാമിന്റെയും ഓപ്പറേറ്ററായ കിയോലിസ് എംഎച്ച്‌ഐയുമായി ചേർന്ന് സ്റ്റേഷൻ ഭിത്തികൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. 50 ശതമാനത്തിലധികം കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന ഈ പുതിയ സംരംഭം പരിസ്ഥിതി സൗഹൃദം മുൻനിർത്തിയുള്ള RTAയുടെ പുതിയ ശ്രമമാണ്.പരമ്പരാഗത രീതിയിൽ ഒരു സ്റ്റേഷനിൽ ഏകദേശം 15 തൊഴിലാളികൾ ആവശ്യമായിരുന്നപ്പോൾ, ഡ്രോണുകൾ ഉപയോഗിച്ച് ഇത് 8 ആളുകളിൽ പരിമിതപ്പെടുത്താനാകുന്നു. ഉയരത്തിലുള്ള അപകടഭീഷണികളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനും വെള്ളം കുറച്ച് ഉപയോഗിക്കാനും ഇത് സഹായിക്കുന്നുവെന്ന് RTAയുടെ റെയിൽ ഏജൻസിയിലെ മെയിന്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീറി പറഞ്ഞു: “നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്നത് സുസ്ഥിരവും സുരക്ഷിതവുമായ ഭാവിക്ക് സഹായകമാണ്. ഡ്രോൺ ക്ലീനിംഗിലൂടെ പരിസ്ഥിതി ബാധ കുറക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കിയോലിസ് എംഎച്ച്‌ഐയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വികാസ് സാർദാന പറഞ്ഞു: “RTAയുടെ സുസ്ഥിരതാ ദൗത്യത്തിൽ പങ്കാളിയായത് അഭിമാനകരമാണെന്നും . ഈ പരീക്ഷണം ദുബായിന്റെ സ്മാർട്ട് നഗരം എന്ന ലക്ഷ്യത്തിലേക്ക് ഒരുകാൽചുവടാണെന്നും വികാസ് സാർദാന പറഞ്ഞു.ഈ ഡ്രോൺ ക്ലീനിംഗ് പരീക്ഷണത്തിന്റെ വിജയത്തിൽ അധിഷ്ഠിതമായി, ഭാവിയിൽ പരമ്പരാഗതവും സാങ്കേതികവുമായ രീതികൾ സംയോജിപ്പിച്ച ഹൈബ്രിഡ് മോഡലിലേക്ക് മാറാനാണ് RTAയുടെ പദ്ധതികൾ.