ദുബൈ: ബ്ലൂ കോളർ തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, ചെറുകിട ബിസിനസുകൾ എന്നിവ ലക്ഷ്യമിട്ട് 2026ഓടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ സാമ്പത്തിക ഇടപാടുകളെയും പൂർണമായും പണ രഹിതമാക്കാൻ സഹായിക്കാൻ നീക്കം നടത്തുമെന്ന് അധികൃതർ.ദുബൈ ഫിൻടെക് ഉച്ചകോടിയുടെ ആദ്യ ദിനത്തിലാണ് ഇതുസംബന്ധിച്ച പ്രസ്താവങ്ങളുണ്ടായത്. ദുബൈ ക്യാഷ്‌ലെസ് സ്ട്രാറ്റജിയിലേക്ക് എത്തിച്ചേരാനുള്ള പദ്ധതികളെക്കുറിച്ച് ദുബൈ സർക്കാർ ധനകാര്യ വകുപ്പിലെ ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റംസ് റെഗുലേറ്ററി ഡിവിഷൻ ഡയരക്ടർ അംന മുഹമ്മദ് ബിൻ ലൂത്ത കൂടുതൽ വിശദീകരിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2024 ഒക്ടോബറിലാണ് പണ രഹിത തന്ത്രം ആദ്യമായി പ്രഖ്യാപിച്ചത്. 2026 ആകുമ്പോഴേക്കും എല്ലാ ഇടപാടുകളുടെയും 90 ശതമാനവും പണ രഹിതമാക്കുക എന്നതാണ് ലക്ഷ്യമാക്കിയത്. ഇത് 100 ശതമാനത്തിലെത്തിക്കാൻ പിന്നീട് തീരുമാനിച്ചു. ഫിൻടെക് ആപ്ലിക്കേഷനിലൂടെ പ്രതിവർഷം 8 ബില്യൺ ദിർഹമിലധികം സാമ്പത്തിക വളർച്ചയുണ്ടാകും. ദുബൈ സാമ്പത്തിക അജണ്ട (ഡി 33) ലക്ഷ്യങ്ങളുമായി അത് പൊരുത്തപ്പെടുകയും ചെയ്യുമെന്നും അതേക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.ഔദ്യോഗിക പ്രഖ്യാപന ശേഷം, ഡിജിറ്റൽ പരിഹാരങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്ന് നന്നായി മനസ്സിലാക്കാൻ സർക്കാരും സ്വകാര്യ മേഖലയും തമ്മിൽ 35 വിജയകരമായ പങ്കാളിത്തങ്ങൾ ഉണ്ടായെന്ന് അംന പറഞ്ഞു.ദുബൈ ധനകാര്യ വകുപ്പ് ലക്ഷ്യമിടുന്ന ആദ്യ വിഭാഗം സാധാരണ തൊഴിലാളികളാണ്. അവർ പ്രധാനമായും പണമിടപാടുകളെ ആശ്രയിക്കുന്നുവെന്ന് അംന പറഞ്ഞു. ഈ മേഖലയിലെ പ്രധാന വെല്ലുവിളി യഥാർത്ഥത്തിൽ വിശ്വാസക്കുറവ്, വിദ്യാഭ്യാസക്കുറവ്, അവബോധക്കുറവ്, ബ്ലൂ കോളർ തൊഴിലാളികൾക്ക് പോലുമുള്ള ഉയർന്ന ചെലവ് എന്നിവയാണ്. കാരണം, അവരുടെ ശമ്പളം വളരെ കുറവാണ് -അംന വിശദീകരിച്ചു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, വകുപ്പിന്റെ വിശകലനത്തിൽ അതിശയിപ്പിക്കുന്ന കാര്യം, മിക്ക താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളും ഒന്നോ രണ്ടോ സ്മാർട്ട്‌ഫോണുകൾ സ്വന്തമായുള്ളവരാണ് എന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.ബ്ലൂ കോളർ തൊഴിലാളികൾക്ക് അവരുടെ പണം, വേതനം, ഇടപാടുകൾ എന്നിവ കൈമാറാൻ കഴിയുന്ന ഒരു വാലറ്റ് സമ്പ്രദായം നടപ്പാക്കുമെന്ന് അംന വെളിപ്പെടുത്തി. അവർക്ക് വെർച്വൽ അക്കൗണ്ട് നേടാനും ചെറിയ വായ്പകളും ലോയൽറ്റി പ്രോഗ്രാമുകളും സ്വന്തമാക്കാനും ഇത് ഉപയോഗിക്കാം. അങ്ങനെ, അവർക്ക് ഈ വാലറ്റ് ആകർഷകമാകുമെന്നും അംന പ്രത്യാശിച്ചു.ധനകാര്യ വകുപ്പ് ലക്ഷ്യമിടുന്ന അടുത്ത വിഭാഗം വിനോദ സഞ്ചാരികളാണ്. 2024ൽ യു.എ.ഇ ജി.ഡി.പിയുടെ 12 ശതമാനം വരുന്ന ടൂറിസ്റ്റുകൾ ദുബൈ സാമ്പത്തിക ആവാസ വ്യവസ്ഥയിൽ വലിയ പങ്കു വഹിക്കുന്നു. “ഞങ്ങളുടെ കൺസൾട്ടന്റുമാരുമായി നടത്തിയ സ്ഥിതി വിവരക്കണക്കുകളുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, ടൂറിസത്തിൽ നിന്ന് 35 ബില്യൺ ദിർഹം വരെ പണമായി ഉപയോഗിക്കുന്നു” -അവർ പ്രസ്താവിച്ചു.സ്വകാര്യ മേഖലകളുമായും യു.എ.ഇ സർക്കാരുമായും പ്രവർത്തിക്കുന്നതിലൂടെ, ദുബൈ എമിറേറ്റിലെ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ നൽകുകയും അലി പേ, റുപേ, വീ ചാറ്റ് പേ പോലുള്ള അന്താരാഷ്ട്ര പേയ്‌മെന്റ് പരിഹാരങ്ങൾ പ്രാപ്തമാക്കുകയും ചെയ്യുമെന്നും അംന വിശദീകരിച്ചു.വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസാന പ്രധാന വിഭാഗം ചെറുകിട-ഇടത്തരം സംരംഭങ്ങളാ(എസ്.എം.ഇ)ണെന്നും അംന പറഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു.ചില സ്ഥലങ്ങളിലെ കടകളിൽ പോയാൽ ”ഞങ്ങൾ പണം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു” എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം. ഇതിന്റെ പ്രധാന പ്രശ്നം, യഥാർത്ഥത്തിൽ ഈ ടെർമിനലുകളിൽ സ്വീകാര്യതയുടെ ഉയർന്ന ചെലവാണ്. വീണ്ടും വിശ്വാസക്കുറവും ഡിജിറ്റൈസ് ചെയ്ത പേയ്‌മെന്റുകളെക്കുറിച്ചുള്ള വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് അവരുടെ പണ ഉപയോഗത്തിന് കാരണമെന്ന് അംന നിരീക്ഷിച്ചു.
തന്ത്രപരമായ പങ്കാളികളുടെ സഹകരണത്തോടെ ഈ വ്യാപാരികൾക്ക് മത്സര പാക്കേജുകൾ നൽകുക എന്നതാണ് പരിഹാരമെന്നും അവർ നിർദേശിച്ചു.ഈ മത്സര പാക്കേജുകളിൽ സ്വീകാര്യതയുടെ ചെലവ് കുറയ്ക്കും. അതുപോലെ, സൗജന്യമായി സോഫ്റ്റ് പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്), അല്ലെങ്കിൽ ക്യൂ.ആർ കോഡ്, അതുമല്ലെങ്കിൽ ടാപ്-ടു-പേ എന്നിവ ഉണ്ടായിരിക്കും. അത് വ്യാപാരികളെ കൂടുതൽ ഡിജിറ്റൈസ് ചെയ്യാൻ പ്രോത്സാഹിപ്പിക്കും -അവർ പറഞ്ഞു.2025 ഫെബ്രുവരിയിൽ, എമിറേറ്റിന്റെ ക്യാഷ്‌ലെസ് തന്ത്രത്തിന്റെ ഭാഗമായി പേയ്‌മെന്റ് സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ പുരോഗതിയെക്കുറിച്ച് പഠിക്കാൻ ദുബൈ ധനകാര്യ വകുപ്പിലെ പ്രതിനിധി സംഘം ലണ്ടനിൽ സന്ദർശനം നടത്തിയിരുന്നു.ഫിൻടെക് സേവനങ്ങളെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദ്യകളായ ടാബി, ടമാറ, എഡിബി എന്നിവ ജനപ്രിയ ഉദാഹരണങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.