ദുബൈ: ഇന്ത്യാ-പാക് വെടിനിർത്തലിനെത്തുടർന്ന് സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ നിവാസികൾ അവരുടെ മടക്ക തീയതികൾ പുനഃക്രമീകരിക്കുന്നതിനാൽ ചില ഇന്ത്യൻ നഗരങ്ങളിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള വിമാന നിരക്കുകളിൽ വൻ വർധനയെന്ന് റിപ്പോർട്ട്.സൈനിക സംഘർഷത്തിന് മുൻപ് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും അവധി ദിവസങ്ങളിൽ പോയവരും സ്ഥിതിഗതികൾ വഷളായാൽ വീണ്ടും വിമാന സർവിസുകൾ നിർത്തി വയ്ക്കുമെന്ന് ഭയന്ന് നേരത്തെ മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ യു.എ.ഇ നിവാസികളിൽ നിന്ന് ധാരാളം അന്വേഷണങ്ങളുണ്ടെന്ന് യു.എ.ഇയിലെ ട്രാവൽ ഏജന്റുമാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലാണ് പറയുന്നത്.വെടിനിർത്തലിനെത്തുടർന്ന്, ഇന്ത്യയും പാകിസ്ഥാനും വിമാനത്താവളങ്ങൾ വീണ്ടും തുറക്കുകയും സർവിസുകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.കഴിഞ്ഞ 3-4 ദിവസത്തിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ ആളുകൾ ഇപ്പോൾ വീണ്ടും ബുക്ക് ചെയ്യുന്നതാണ് ഈയാഴ്ച മെയ് 17 വരെ വിമാന നിരക്കുകൾ വർധിക്കാൻ കാരണം. മെയ് 18നും അതിനു ശേഷവുമുള്ള നിരക്കുകൾ സാധാരണമാണെന്നും വ്യക്തമാകുന്നു.സൈനിക സംഘർഷത്തിനിടെ ഇന്ത്യൻ പഞ്ചാബിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ തിങ്കളാഴ്ചത്തെ ഡൽഹി-ദുബൈ വിമാനത്തിലെ വൺവേ നിരക്ക് 44,670 രൂപ (ദിർഹം 1,920) ആയിരുന്നു. ഇതിന്റെ ഫലമായി ധാരാളം താമസക്കാർ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറക്കാൻ തീരുമാനിച്ചു. അതേസമയം, വൺവേ നിരക്ക് ക്രമാനുഗതമായി കുറയുകയും വെള്ളിയാഴ്ചയോടെ ഏകദേശം 910 ദിർഹമിലെത്തുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
അതിനിടെ, ഡൽഹി-അബൂദബി വിമാന നിരക്ക് തിങ്കളാഴ്ച 51,600 രൂപ (ദിർഹം 2,230) ഉം ചൊവ്വാഴ്ച 90,300 രൂപ (ദിർഹം 3,900)ഉം ആയിരുന്നു.ഉയർന്ന ഡിമാൻഡ് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഡൽഹി-ഷാർജ വിമാനങ്ങളിലെ ബജറ്റ് വിമാന നിരക്ക് 1,360 മുതൽ 1,180 ദിർഹം വരെ എത്തി.പാകിസ്ഥാൻ-യു.എ.ഇ വൺവേ ടിക്കറ്റ് നിരക്ക് 9,100 ദിർഹം ആണ്. അതുപോലെ, തിങ്കളാഴ്ച, യു.എ.ഇ വിമാനക്കമ്പനികളുടെ ലാഹോർ-ദുബൈ വിമാന നിരക്ക് ഏകദേശം 700,000 രൂപ (9,100 ദിർഹം) വരെ ഉയർന്നെങ്കിലും വെള്ളിയാഴ്ച ഏകദേശം 390,000 (ദിർഹം 5,100) ആയി കുറഞ്ഞു.വെടിനിർത്തൽ ഫലമായി അസാധാരണമായി ഉയർന്ന ഡിമാൻഡ് കാരണം വിമാനക്കൂലി സാധാരണ നിലയിലേക്ക് മടങ്ങാൻ കുറഞ്ഞത് 4-5 ദിവസമെടുക്കുമെന്ന് യാത്രാ വ്യവസായ എക്സിക്യൂട്ടിവുകൾ അഭിപ്രായപ്പെട്ടു.സൈനിക സംഘർഷം കാരണം ഇന്ത്യയിലും പാകിസ്ഥാനിലും കുടുങ്ങിക്കിടക്കുന്ന ആളുകളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ഉണ്ടെന്ന് ട്രാവൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഛണ്ഡിഗഡ്, അമൃത്സർ വിമാനത്താവളങ്ങളിൽ നിന്ന് യുഎ.എ.ഇയിലേക്ക് ദിവസേന വിമാന സർവിസുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ രണ്ട് നഗരങ്ങളിലെയും വിമാനത്താവളങ്ങൾ അടച്ചതിനാൽ ഗതാഗതം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. അതിനാൽ, ഡൽഹിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുകയാണുണ്ടായതെന്ന് ഒരു ട്രാവൽ ഏജന്റ് പറഞ്ഞു.