ദുബായ്: ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡ്രൈവിങ്ങ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ 53% ത്തോളം ഏകീകരിച്ചു. 33 ൽ നിന്ന് 15 ആയാണ് സേവനങ്ങൾ ഏകീകരണത്തിലൂടെ കുറച്ചത്.
കൂടുതൽ ഉപയോക്തൃ സൗഹൃദവും സുഗമവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിനുള്ള ആർടിഎയുടെ നയത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ ഡ്രൈവർ ലൈസൻസിംഗ് ഡയറക്ടർ സുൽത്താൻ അൽ അക്രഫ് പറഞ്ഞു. ദുബായ് ആർടിഎയുടെ ആപ്പിലെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന ‘സർവീസസ് 360’ പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരണം.