ദുബായ്: അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമായി നിരത്തുകളിലൂടെ പായുന്ന ഡോക്ടർമാർക്ക് ഗതാഗത പിഴയിൽ നിന്നുള്ള ഇളവടക്കം നിരവധി ആനുകൂല്യങ്ങൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ബിൻ വാരിഖ’ അടിയന്തര സേവന വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 13 വിഭാഗം ഡോക്ടർമാർക്കാണ് പ്രത്യേക ഗതാഗത ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
നിയമപരമായ വേഗ പരിധിക്ക് മുകളിൽ 40 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാനും, ഹാർഡ് ഷോൾഡർ ഉപയോഗിക്കാനും, അത്യാവശ്യ കോളുകൾക്ക് മറുപടി നൽകുമ്പോൾ ട്രാഫിക് പട്രോളിംഗിൽ നിന്ന് തത്സമയ പിന്തുണ നേടാനും ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് സാധിക്കും.
ആശുപത്രി അടിയന്തര അലേർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കുമ്പോൾ, ഡോക്ടർ ആപ്പ് വഴി തന്റെ സേവനം സജ്ജമാക്കണം. മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂം അവരുടെ റൂട്ട് തത്സമയം നിരീക്ഷിക്കുകയും അവർക്ക് സുരക്ഷിതമായും സുഗമമായും കടന്നുപോകാൻ ട്രാഫിക് പട്രോളിംഗ് യൂണിറ്റുകളെ അയക്കുകയും ചെയ്യും.യാത്ര പുറപ്പെടുന്നതിന് മുമ്പ്, മറ്റ് റോഡ് ഉപയോക്താക്കളെ വിവരം അറിയിക്കുന്നതിനായി ഡോക്ടർ തന്റെ വാഹനത്തിൽ പ്രത്യേക ത്രികോണാകൃതിയിലുള്ള ടാബ്‌ലെറ്റ് സ്ഥാപിക്കണം.
‘ ഈ സേവനത്തിന്റെ യഥാർത്ഥ ഗുണഭോക്താവ് രോഗിയാണ്. ഡോക്ടർക്ക് എത്ര വേഗത്തിൽ എത്തിച്ചേരാൻ കഴിയും എന്നതിനെ ആശ്രയിച്ചാണ് രോഗിയുടെ ജീവൻ നിലനിൽക്കുന്നത്.’- ആഭ്യന്തര മന്ത്രാലയത്തിലെ സർവീസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. സയീദ് മുഹമ്മദ് അൽ-ദഹൂരി പറഞ്ഞു.
അംഗീകൃത മെഡിക്കൽ ലൈസൻസ് കൈവശം വയ്ക്കുക, മുൻകൂർ അനുമതി നേടുക, എമർജൻസി ഡ്രൈവിംഗ് കോഴ്‌സ് പൂർത്തിയാക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്ന പതിമൂന്ന് അവശ്യ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർക്കാണ് ബിൻ വാരിഖ സേവനത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. പച്ച നിറത്തിലുള്ള ലൈസൻസ് പ്ലേറ്റും ത്രികോണാകൃതിയിലുള്ള ഡിസ്പ്ലേയും അടിയന്തര ആവശ്യത്തിനായി പോകുന്ന വാഹനമാണ് എന്ന കാര്യം തിരിച്ചറിയാൻ മറ്റ് ഡ്രൈവർമാരെ സഹായിക്കുന്നു.
“ബിൻ വാരിഖയിൽ രജിസ്റ്റർ ചെയ്ത വാഹനം കാണുമ്പോൾ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അത് വെറുമൊരു വാഹനം മാത്രമല്ല, ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യവുമായി പോകുന്നവരാണ്’- കേണൽ ഡോ. സയീദ് മുഹമ്മദ് അൽ-ദഹൂരി ചൂണ്ടിക്കാട്ടി.
2020 ജൂലൈയിൽ യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് ആണ് ഈ സംരംഭം ഔദ്യോഗികമായി ആരംഭിച്ചത്.ലക്ഷ്യമിട്ട മെഡിക്കൽ പ്രൊഫഷണലുകളിൽ 97 ശതമാനത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ സ്പെഷ്യാലിറ്റികളെ ഉൾപ്പെടുത്തുന്നതിനായി ഈ പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര മന്ത്രാലയം. ഈ സംവിധാനം വഴി അടിയന്തര ഘട്ടങ്ങളിലുള്ള പ്രതികരണ സമയം 30 ശതമാനം കുറക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.