ദുബായ്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ യു എ ഇ സന്ദർശനത്തിന് തുടക്കമായി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ എത്തിയ അദ്ദേഹത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. സൗദി അറേബ്യയും ഖത്തറും സന്ദർശിച്ച ശേഷമാണ് ട്രംപ് അറബ് ഐക്യ നാടുകളിലെത്തിയത്.
സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുക, വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ഇരു രാജ്യങ്ങളുടെയും പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.മിഡിലീസ്റ്റ് – ഉത്തരാഫ്രിക്ക മേഖലയിലെ തങ്ങളുടെ പ്രമുഖ വ്യാപാര പങ്കാളിയെന്ന നിലയിൽ യു എ ഇ യുമായുള്ള പങ്കാളിത്തത്തെ അമേരിക്ക അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.”മിഡിൽ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ തിരിച്ചുവരവ്” എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ട്രംപിന്റെ ജി സി സി സന്ദർശനത്തെ വിശേഷിപ്പിച്ചത്.1971-ൽ യുഎഇ രൂപീകൃതമായതിന് ശേഷം അമേരിക്കയുമായി മികച്ച ഉഭയകക്ഷി – നയതന്ത്ര ബന്ധമാണ് യു എ ഇ പുലർത്തിപ്പോരുന്നത്. 1974-ൽ വാഷിംഗ്ടണിൽ യുഎഇ എംബസിയും അബുദാബിയിൽ യുഎസ് എംബസിയും തുറന്നു. വികസനം, രാഷ്ട്രീയം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സൈനികം, അബ്രഹാം കരാറുകളുമായി ബന്ധപ്പെട്ട പങ്കാളിത്തം എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിൽ യുഎഇ-യുഎസ് സഹകരണം ശക്തമായി തുടരുകയാണ്.
ദീർഘകാല സാമ്പത്തിക സഹകരണത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കാനും എ ഐ, ഭക്ഷ്യസുരക്ഷ, ശുദ്ധമായ ഊർജ്ജം, ബഹിരാകാശ പര്യവേക്ഷണം, ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിൽ പങ്കാളിത്തം സ്ഥാപിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞു.യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വിദേശ വ്യാപാരം 32.8 ബില്യൺ ഡോളറായിരുന്നു. യുഎഇയുടെ ആറാമത്തെ വലിയ ആഗോള വ്യാപാര പങ്കാളിയായും ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും മികച്ച പങ്കാളിയായും യുഎസ് മാറി. 2024 ൽ യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിന്റെ 4 ശതമാനം യു എസുമായുള്ള വ്യാപാരത്തിൽ നിന്ന് ലഭിച്ചതാണ്.അമേരിക്കയിലെ പ്രധാന നിക്ഷേപകരിൽ യു എ ഇ ക്ക് അനിഷേധ്യമായ സ്ഥാനമുണ്ട്. യു എസിലെ വ്യാപാരം, വ്യോമയാനം, ഉൽപ്പാദനം, ഊർജ്ജം, നൂതന സാങ്കേതികവിദ്യ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിൽ 1 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് യു എ ഇ നടത്തിയിട്ടുള്ളത്.അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഖസർ അൽ വതൻ എന്നിവ പ്രസിഡന്റ് ട്രംപ് സന്ദർശിക്കും.യു എ ഇ യിലെ ഏറ്റവും വലിയ ആഡംബര താമസയിടമായ അബുദാബി റിറ്റ്സ്-കാൾട്ടണിലാണ് അദ്ദേഹം താമസിക്കുന്നത്.