ദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിൽ 2026ൽ പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മുഴുവൻ സൗകര്യങ്ങളെക്കുറിച്ചും അധികൃതർ വെളിപ്പെടുത്തി.
രാജ്യത്തെ ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് ഏകദേശം 1,200 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖലയാണ്. കണക്റ്റിവിറ്റി കൂട്ടുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ഈ പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ സുപ്രധാന ചുവടുവയ്പാണെന്ന് അധികൃതർ അവകാശപ്പെട്ടു.അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ, റുവൈസ്, അൽ മിർഫ, അൽ ദൈദ്, ഗുവൈഫാത്ത് (സഊദി അറേബ്യൻ അതിർത്തി),സൊഹാർ (ഒമാൻ, ഹഫീത് റെയിൽ പദ്ധതി വഴി) എന്നീ നഗരങ്ങളുമായാണ് ഇത്തിഹാദിനെ ബന്ധിപ്പിക്കുക.പാസഞ്ചർ റെയിൽ സർവിസ് ശൃംഖല അൽ സില മുതൽ ഫുജൈറ വരെ ഹൈടെക് ആയിരിക്കും. പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകമിലും, രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമായിരിക്കും.
ദുബൈയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് സമീപത്തും, അബൂദബിയിൽ മുസഫ ഇൻഡസ്ട്രിയൽ ഏരിയയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലുള്ള പൈപ് ലൈൻ ഇടനാഴിയിലും, ദൽമ മാളിനും മുസഫ ബസ് സ്റ്റേഷനും ഇടയിലുള്ള ഫീനിക്സ് ആശുപത്രിയോട് ചേർന്നുമായിരിക്കും സ്റ്റേഷൻ.
200 കിലോമീറ്റർ സ്പീഡ്, അബൂദബി-ദുബൈ സമയം 57 മിനിറ്റ്
ഇത്തിഹാദ് റെയിലിന്റെ യാത്രാ സേവനത്തിന്റെ ശ്രദ്ധേയ സവിശേഷതകളിലൊന്ന് അതിന്റെ സ്പീഡ് ആണ്. ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സർവിസ് നടത്തും. ഇത് യാത്രാ സമയം കുറയ്ക്കും. അബൂദബിയിൽ നിന്ന് മറ്റിടങ്ങളിലേക്കുള്ള യാത്രയ്ക്ക് വേണ്ടി വരുന്ന സമയം ഇപ്രകാരം: ദുബൈയിലേക്ക് 57 മിനിറ്റ്, റുവൈസിലേക്ക് 70 മിനിറ്റ്,ഫുജൈറയിലേക്ക് 105 മിനിറ്റ്.
അബൂദബിക്കും ദുബൈക്കുമിടയിൽ അതിവേഗ ട്രെയിൻ
അബൂദബിക്കും ദുബൈക്കുമിടയിൽ യാത്രക്കാരെ വെറും 30 മിനിറ്റിനുള്ളിൽ എത്തിക്കുന്ന അതിവേഗ ട്രെയിൻ ഇത്തിഹാദിനുണ്ടാകും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുക. തന്ത്രപ്രധാന സ്ഥലങ്ങളിലൂടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും കടന്നു പോകുന്ന ഈ പാത യാത്രക്കാർക്കും സന്ദർശകർക്കും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കും.യാത്രാ ട്രെയിനുകളിൽ സ്റ്റൈലിഷ് ഇന്റീരിയറുകളും സുഖപ്രദമായ ചാര നിറത്തിലുള്ള സീറ്റുകളുമുള്ള ഗംഭീര കോച്ചുകൾ ആണുണ്ടാവുക. അതിവേഗ ട്രെയിനുകളുടെ പ്രധാന സവിശേഷത എയറോ ഡൈനമിക് ഡിസൈൻ റെയിൽ പാസഞ്ചർ സർവിസ് ആണെന്നതാണ്. ഫസ്റ്റ്, ബിസിനസ്, ഏകോണമി ക്ലാസുകളിലായി 400ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ ഓരോ ട്രെയിനിനും കഴിയും. സൗജന്യ വൈ ഫൈ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റംസ്, ചാർജിംഗ് സ്റ്റേഷനുകൾ, വിശാലമായ ലെഗ് റൂം, അഡ്വാൻസ്ഡ് എയർ കണ്ടീഷനിംഗ് എന്നിവ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.സിൽവർ, ഗ്രേ നിറങ്ങളിലുള്ള കോച്ചുകളിൽ വ്യത്യസ്ത തരം ഇരിപ്പിടങ്ങളുണ്ട്. ഫ്ലൈറ്റ് ക്ലാസിന് സമാനമായി കോച്ചുകളിലുടനീളം സീറ്റുകൾ 2+2 ഫോർമാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. കമ്പാർട്ട്മെന്റുകൾ ഇലക്ട്രിക് വാതിലുകൾ ഉപയോഗിച്ച് വേർതിരിക്കും. കൂടാതെ, ടിവി സ്‌ക്രീനുകൾ ട്രെയിനിന്റെ ഓരോ വിഭാഗത്തിലും സ്ഥലം, എത്തിച്ചേരൽ സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു.
അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ഇലക്ട്രിക് ട്രെയിൻ
റീം ദ്വീപ്, യാസ് ദ്വീപ്, സഅദിയാത്ത് ദ്വീപ്, ദുബൈയിലെ അൽ മക്തൂം വിമാനത്താവളത്തിന് സമീപമുള്ള സായിദ് വിമാനത്താവളം, ദുബൈ ക്രീക്കിന് സമീപമുള്ള ജദ്ദാഫ് എന്നിവിടങ്ങളിൽ ആറ് സ്റ്റേഷനുകൾ ഉൾപ്പെടും. ഈ പദ്ധതി രണ്ട് എമിറേറ്റുകൾക്കിടയിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി സാധ്യമാക്കും. ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതാണ്.
15 ആഡംബര കംപാർട്മെന്റുകൾ
പ്രധാന നഗരങ്ങളിലൂടെയും, ഒമാനുമായി അതിർത്തി പങ്കിടുന്ന പർവതങ്ങളുള്ള ഫുജൈറയിലെ പ്രകൃതി ദൃശ്യങ്ങൾ, മസയ്‌റ ട്രെയിൻ സ്റ്റേഷന് സമീപമുള്ള ലോക പ്രശസ്ത മരുപ്പച്ചയുള്ള ലിവ മരുഭൂമിയിലൂടെയും കടന്നു പോകുന്ന 15 ആഡംബര കംപാർട്മെന്റുകൾ ഇതിൽ ഉൾപ്പെടും. ഈ യാത്ര അദ്വിതീയ യാത്രാനുഭവം പ്രദാനം ചെയ്യുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.ട്രെയിൻ സ്റ്റേഷനുകളിൽ നിന്ന് അന്തിമ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് തടസ്സ രഹിതമായ കണക്റ്റിവിറ്റി ഉറപ്പാക്കി യാത്രക്കാർക്ക് വാതിൽപ്പടി സേവനം നൽകാൻ ഇത്തിഹാദ് റെയിൽ പദ്ധതിയിടുന്നു. എല്ലാ ഗതാഗത മാർഗ്ഗങ്ങളുമായും പങ്കിടുന്ന മൊബിലിറ്റി പരിഹാരങ്ങളുമായും റെയിൽവേ സംയോജിപ്പിക്കും. ഒരു യാത്രക്കാരന്റെ അവസാന ലക്ഷ്യ സ്ഥാനം അവരുടെ വീടായാലും ജോലിസ്ഥലമായാലും വിനോദസഞ്ചാര കേന്ദ്രമായാലും അവിടെ പൊതുഗതാഗതം ലഭ്യമാകും.ദുബൈയിൽ ട്രെയിൻ ഉൾപ്പെടെ പൊതുഗതാഗത ഉപാധികളിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളിലും ഉപയോഗിക്കാം.യാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇത്തിഹാദ് റെയിൽ നിരവധി അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ശ്രദ്ധേയമായി, എസ്.എൻ.സി.എഫ് ഇന്റർനാഷണൽ, ആൽസ്റ്റോം, പ്രോഗ്രസ് റെയിൽ, തേൽസ് ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങളുമായി നൂതന ടിക്കറ്റിംഗ് പരിഹാരങ്ങൾ, തത്സമയ പാസഞ്ചർ ഫ്ലോ മാനേജ്മെന്റ്, ഇന്റലിജന്റ് ട്രാഫിക് പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി കരാറുകളിൽ ഒപ്പുവച്ചു.ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള പുതിയ മാർഗം മാത്രമല്ല ഇത്തിഹാദ് റെയിൽ; സ്മാർട്ടും സുസ്ഥിര നഗര ജീവിതത്തിനായുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിലെ ഒരു നിക്ഷേപവുമാണിത്. നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെയും, യാത്രാ മാർഗ്ഗങ്ങൾ ലഘൂകരിക്കുന്നതിലൂടെയും, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെയും മേഖലയിലെ ആധുനിക ഗതാഗതം എങ്ങനെയായിരിക്കാമെന്നതിന്റെ നേർക്കാഴ്ച ഇത് കാണിച്ചു തരുന്നു.